Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇരിക്കൂറിന്റെ പലഹാരപ്പെരുമ

അതിഥികളെ വിരുന്നൂട്ടുന്ന കാര്യത്തിൽ സൽക്കാര പ്രിയരായ കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലെ വീട്ടമ്മമാർ മുൻപന്തിയിലാണെന്നത് ചരിത്രം. ഭാര്യാവീട്ടിൽ താമസിക്കുന്ന പുതിയാപ്ലമാരെ മതിയോളം തീറ്റിക്കുന്ന പുന്നാര അമ്മായിമാരും ഇരിക്കൂറിലേറെയുണ്ട്. അതിഥികൾ വീട്ടിലേക്ക് വരുന്നുണ്ട് എന്ന സൂചന കിട്ടുമ്പോൾ തന്നെ ഇവരെ സൽക്കരിക്കാനുള്ള ഒരുക്കത്തിലായിരിക്കും. വീട്ടിലെ കലവറയിൽ, അടുക്കളയിലെ ഫ്രിഡ്ജ്..എല്ലാം നിറയും. ഒരു ചിക്കൻ റോളെങ്കിലും പകുതി പാകത്തിൽ കിടപ്പുണ്ടാകും, ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാലത്ത് പോലും. പൊരിച്ചതും കരിച്ചതും ഇല്ലെങ്കിലും ബേക്കറി സാധനമായിരുന്നു വിരുന്നുകാർക്ക് നൽകാറ്. വിരുന്നുകാരെ കൂടുതൽ മുഷിപ്പിക്കാതെ തന്നെ വളരെ പെട്ടെന്ന് പലഹാരങ്ങളുണ്ടാക്കി അവരുടെ കുരുത്തവും പൊരുത്തവും നേടുന്നതിൽ ഇരിക്കൂറിലെ  ബീവിമാർക്ക് ബിഗ് സല്യൂട്ട് കൊടുക്കണം. 
പുതിയാപ്ലമാർ ഉള്ള വീട്ടിലെ ബീവിമാർക്ക് അടുക്കളയിൽ മൂന്നും നാലും നേരം ഉൽസവമാണ്. രാവിലെയുള്ള ചായക്ക് രണ്ട് തരം എണ്ണക്കടി ഉണ്ടാക്കിയില്ലെങ്കിൽ എന്തോ ഒരു തരം പന്തികേട് അവരുടെ മുഖത്ത് കാണാം. വൈകുന്നേരച്ചായക്ക് ഒരു എണ്ണക്കടിയില്ലെങ്കിൽ എന്തോന്ന് ചായ എന്ന് പറഞ്ഞ് സങ്കടപ്പെടുന്നവർക്ക് പഴം പൊരിയോ, പരിപ്പ് വടയോ മറ്റു വല്ലതുമോ ഉണ്ടാക്കി മനസ്സമാധാനം വരുത്തുന്ന ബീവിമാർ ധാരാളമുണ്ട്. പുതിയാപ്ല ഭാര്യാവീട്ടുകാരുമായി വഴക്കായാൽ വലിയ 'വട്ടളം' നിറയെ പലഹാരങ്ങളുമായി സമാധാനത്തിന്റെ ദൂതന്മാരായ ആൾക്കാരുമായി പോയാൽ എല്ലാ കാര്യങ്ങളും രമ്യതയിൽ ആയിക്കിട്ടും. എല്ലാ മായാജാലവും ഈ പലഹാരപ്പെരുമയിലുണ്ട്. റമദാൻ മാസത്തിൽ സലാം കൊണ്ട് പോവുക എന്ന ചടങ്ങുണ്ട്. ഭർത്താവിന്റെ വീട്ടിലേക്ക് അമ്മോശനും അമ്മായിയും നോമ്പ് പത്തിനുള്ളിൽ പോകുന്ന ചടങ്ങാണിത്. അപ്പത്തരത്തിന്റെ കൂമ്പാരവുമായിട്ടാണ് പോകുക. ഇതിലും ഇരിക്കൂറിലെ ബീവിമാർ വമ്പത്തികളാണ്.
പ്രവാസ ലോകത്ത് പ്രയാസത്തിൽ കഴിയുന്ന മക്കൾക്ക് ഉമ്മ കൊടുത്തയക്കുന്ന പലഹാരപ്പൊതിയും ഭാര്യ ഭർത്താവിന്ന് അയച്ചു കൊടുക്കുന്ന പലഹാരപ്പൊതിയും കിട്ടുന്നതോടെ തൽക്കാലത്തേക്ക് എല്ലാ ടെൻഷനും മാറിക്കിട്ടും.  ഇരിക്കൂറിൽ നിന്നുള്ള പലഹാരം തിന്നാനായി ലീവ് എടുത്ത് ഞങ്ങൾ ഇരിക്കൂറുകാരുടെ റൂമിലേക്ക് വരുന്ന കൂട്ടുകാർക്കും ഒരു കാലത്ത് വലിയ ആവേശമായിരുന്നു.
പലഹാരങ്ങളിൽ കേന്മമാർ ഉന്നക്കായയും കോഴി അടയും കിണ്ണത്തപ്പവും മണ്ടയുമാണ്. ഷുഗറും പ്രഷറും വ്യാപകമായതോടെ വിമാനം കയറി വരുന്ന ഇരിക്കൂർ പലഹാരങ്ങൾക്ക് താരതമ്യേന കുറവ് വന്നിട്ടുണ്ട്. ഏതായാലും, എന്തായാലും എങ്ങനെയായലും പഴമക്കാരും പുതുമക്കാരും ഒരേ സ്വരത്തിൽ പറയുന്നു. ഇരിക്കൂറിലെ ബീവിമാരുടെ പലഹാരവും മറ്റു ഭക്ഷണസാധനങ്ങളും അവരുടെ കൈ കൊണ്ട് ഉണ്ടാക്കിയാൽ അമൃതം പോലെയണെന്ന്. ഇത് കാരണം അടുത്ത പ്രദേശത്തുള്ള ചെറുപ്പക്കാർ പറയുന്നു, പെണ്ണ്  കെട്ടുകയാണെങ്കിൽ ഇരിക്കൂറിൽ നിന്ന് കെട്ടണമെന്ന്. 
ഇപ്പോൾ മുഴുവൻ ബീവിമാരും സദാസമയവും വാട്‌സാപ്പിലും ഇൻസ്റ്റയിലും യൂട്യൂബിലും മുങ്ങിപ്പോകുന്നത് കാരണം പാചകവിധി പ്രകാരമുള്ള അപ്പത്തരങ്ങളാണ് തീൻമേശകളിൽ നിറഞ്ഞു കാണുന്നത്.
പഴമയുടെ മൊഞ്ച് പുതുമക്ക് കാണില്ല. പണ്ടത്തെ അപ്പത്തരങ്ങൾക്ക് നല്ല രുചിയായിരുന്നു. ഇന്ന് സൂപ്പർ മാർക്കറ്റുകളിൽ നിന്നും ബേക്കറികളിൽ നിന്നും വാങ്ങി അവ രോഗം വിലക്കെടുക്കുകയാണ് ചെയ്യുന്നത്.
പഴമക്കാരുടെ ഒരു പലഹാരം കൂടി കണ്ണൂർ ജില്ലയിൽ ഉണ്ട്. ഇതിനെ, അച്ചുമ്മ അപ്പം എന്ന് വിളിക്കുന്നു. നെയ്യപ്പത്തിന്റെ വേറൊരു വെർഷൻ. വിവാഹം കഴിഞ്ഞ്  ഗർഭിണിയായ പെൺകുട്ടികളെ ഏഴാം മാസത്തിലോ എട്ടാം മാസത്തിലോ ഭർത്താവിന്റെ വീട്ടുകാർ കാണാൻ വരുമ്പോൾ കൊണ്ടുവരുന്ന ഒരു പലഹാരമാണ് അച്ചുമ്മഅപ്പം. ഇതിന്റെ കൂടെ തേങ്ങയും പഞ്ചസാരയും തേനും ചേർത്ത് വേറെയൊരു വിഭവവുമുണ്ട്.  
 

Latest News