തിരുവനന്തപുരം- ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോട് വിശദീകരണം തേടി സര്‍ക്കാര്‍. ഡോ.ബിജുവിനെയും നടന്‍ ഭീമന്‍ രഘുവിനെതിരെയും നടത്തിയ വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമര്‍ശങ്ങളിലാണ് വിശദീകരണം തേടിയത്. നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടത്. ഡോ. ബിജു ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മന്ത്രി എന്ന നിലയില്‍ ഇടപെട്ടതാണെന്നും അതില്‍ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗത്വം ഡോ ബിജു രാജിവച്ചതോടെ വിമര്‍ശനം രൂക്ഷമായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.കെഎസ്എഫ്ഡിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായിരുന്ന സംവിധായകന്‍ ഡോ.ബിജുവിനെയും നടന്‍ ഭീമന്‍ രഘുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൂടാതെ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്നു വകുപ്പ് മന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ലെന്നും താന്‍ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.