ഞാന്‍ തൃശൂര്‍കാരനല്ല, തിരുത്തി തരാന്‍  ആരുമില്ലായിരുന്നു-മോഹന്‍ലാല്‍ 

കൊച്ചി- മോഹന്‍ലാല്‍ - പദ്മരാജന്‍ ചിത്രം 'തൂവാനത്തുമ്പികളി'ലെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ സംസാരശൈലി ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം. 'മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ' ആ താളത്തിലൊന്നും അവിടുത്തുകാര്‍ സംസാരിക്കാറില്ലെന്നും അവരുടെ ശൈലിയെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബോറാകുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മോഹന്‍ലാല്‍.സംവിധായകന്‍ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താന്‍ ആരുമില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'നേര്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു  താരത്തിന്റെ പ്രതികരണം.
ഞാന്‍ തൃശൂര്‍കാരനല്ലല്ലോ. ആ സമയത്ത് പദ്മരാജന്‍ എന്ന സംവിധായകന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണത്. എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലേ അതില്‍ പറയാന്‍ പറ്റൂ. അന്നെനിക്ക് അതു ശരിയായി കറക്ട് ചെയ്തു തരാന്‍ ആരുമില്ലായിരുന്നു.തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളാണ് പത്മരാജന്‍. അവിടുത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയുള്ള ആളാണ്. തൃശൂര്‍കാരെല്ലാം അങ്ങനെ തൃശൂര്‍ ഭാഷ സംസാരിക്കാറില്ല. മനഃപൂര്‍വം മോക്ക് ചെയ്ത് പല സ്ഥലത്തും ആ സിനിമയില്‍ കാണിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്കു പറഞ്ഞുതരാന്‍ ആരുമില്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്'- മോഹന്‍ലാല്‍ പറഞ്ഞു.

Latest News