ലണ്ടന്‍-ഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഫലസ്തീനുമായി ദ്വിരാഷ്ട്ര പരിഹാരം ഇസ്രായില്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്രായില്‍ അംബാസഡര്‍ പറഞ്ഞു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെയും ഐക്യരാഷ്ട്രസഭയുടെയും ദീര്‍ഘകാല നിലപാട് അംഗീകരിക്കുന്നില്ലെന്ന് അംബാസഡര്‍ ടിസിപി ഹോട്ടോവെലി സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഓസ്‌ലോ ഉടമ്പടി പരാജയപ്പെട്ടതിന്റെ കാരണം ഇസ്രായിലിന് അടുത്തായി ഫലസ്തീനികള്‍ക്ക് ഒരു രാഷ്ട്രം പോരാ എന്ന നിലപാടാണെന്ന് ഇസ്രായിലിന് അറിയാമെന്നും അത് ലോകം അറിയണമെന്നും അവര്‍ പറഞ്ഞു.
ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും ഇടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു 1993ല്‍ ഇസ്രായിലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും (പിഎല്‍ഒ) ഒപ്പുവെച്ച ഓസ് ലോ ഉടമ്പടി.
ഫലസ്തീന്‍ ജനതയ്ക്ക് സ്വയം നിര്‍ണ്ണയാവകാശമുണ്ടെന്ന യുഎന്‍ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കരാര്‍.
ദ്വിരാഷ്ട്ര പരിഹാരം ഒരിക്കലും പ്രവര്‍ത്തിക്കാത്ത ഒരു ഫോര്‍മുലയാണെന്നും അതാണ് മറുവശത്ത് തീവ്രവാദികളെ സൃഷ്ടിച്ചതെന്നും ഹോട്ടോവെലി കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ ആക്രമണത്തെ പലസ്തീന്‍ അതോറിറ്റി ഇതുവരെ അപലപിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ഹോട്ടോവെലിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു.
ദ്വിരാഷ്ട്രമാണ് പരിഹാരമെന്നാണ് തങ്ങളുടെ ദീര്‍ഘകാല നിലപാടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞതായും സുനക് വ്യക്തമാക്കി.
ഇസ്രായിലിന്റെ ആക്രമണം മൂന്നാം മാസത്തിലും തുടരുകയാണ്.