കൊച്ചി- സംഗീതത്തിനും യാത്രക്കും പ്രാധാന്യം നല്‍കി ഏഴ് നവാഗത പ്രതിഭകള്‍ ചേര്‍ന്ന് അണിയിച്ചൊരുക്കിയ ട്രാവല്‍ ഡ്രാമാ ചിത്രമായ ഫാര്‍ 15ന് തിയേറ്ററുകളിലെത്തും. ഗോകര്‍ണ ബീച്ചിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ യാത്രാ ചിത്രം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്. സോണി മ്യൂസിക്കിലൂടെ ഇതിനോടകം ഹിറ്റാണ് ചിത്രത്തിലെ ഗാനങ്ങള്‍.
ഹൃദയം, വെളിപാടിന്റെ പുസ്തകം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച കോപ്പി റൈറ്റര്‍ കൂടിയായ പ്രവീണ്‍ പീറ്ററിന്റെ ആദ്യ സംവിധാന സംരംഭമാണ് ഫാര്‍. സുഹൃത്ത് കൂട്ടായ്മയുടെ ഭാഗമായി വളരെ ചുരുങ്ങിയ ബജറ്റിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
നിരവധി സംവിധായകരുടെ സ്വപ്നങ്ങളും നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും തന്നെ വളരെയധികം ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രവീണ്‍ പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഫാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ വളരെ നീണ്ട ഒരു യാത്ര തന്നെയായിരുന്നു. നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിച്ചെങ്കിലും ഒത്തൊരുമിച്ച് ക്ഷമയോടെ മുന്നോട്ട് പോകാന്‍ സാധിച്ചു. സ്വതന്ത്ര സിനിമയിലേക്കുള്ള ഈ യാത്ര തങ്ങളെ പോലുള്ള നിരവധി സിനിമാ മോഹികള്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായും സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. ജോര്‍ജ്ജ് എല്‍സ്യൂസ്, പീറ്റര്‍ തെറ്റയില്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
രണ്ട് ഉറ്റ സുഹൃത്തുക്കള്‍ ഒരു അംബാസഡര്‍ കാറില്‍ ഗോകര്‍ണയിലേക്ക് റോഡ് ട്രിപ്പ് നടത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നിഗൂഢതകളും സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം. 2019-ന്റെ തുടക്കത്തില്‍ മൂന്ന് ഷെഡ്യൂളുകളിലായി 45 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും ആവശ്യമായ പാച്ച് ഷൂട്ടുകള്‍ക്കും കാലതാമസം നേരിട്ടിരുന്നു.
മറിയം വന്നു വിളക്കൂതി, 2018 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഐറീന മിഹാല്‍കോവിച്ചാണ് ചിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാള്‍. പ്രവീണ്‍ പീറ്റര്‍, അഭിനവ് മണികണ്ഠന്‍, നിള ചെവിരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
എഡിറ്റിംഗ്- ജോസഫ് ജെയിംസ്, സംഗീതം- അജീഷ് ആന്റോ, ഛായാഗ്രഹണം- ഫാസ് അലി.