ഹൈദരാബാദ്-കൊലക്കേസില്‍ പിടിയിലായ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ ചോദ്യം ചെയ്ത പൊലീസ് ഞെട്ടി. ഒരാളെ കൊന്ന കുറ്റത്തിന് പിടിയിലായ പ്രതി മൂന്ന് സംസ്ഥാനങ്ങളിലായി 11 പേരെ കൊലപ്പെടുത്തിയ സീരിയില്‍ കില്ലറെന്ന് പോലീസ്. റിയല്‍ എസ്റ്റേറ്റ് ഏജന്റായി ചമഞ്ഞ് പണം തട്ടിയ ശേഷം ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ 47 കാരന്‍ ആര്‍ സത്യനാരായണയാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ 11 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ ചോദ്യം ചെയ്ത പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 2020 മുതല്‍ 11 പേരെ താന്‍ കൊലപ്പെടുത്തിയെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ഹൈദരാബാദ് സ്വദേശിയായ വസ്തുക്കച്ചവടക്കാരന്‍ വെങ്കിടേഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സത്യനാരായണ പിടിയിലാകുന്നത്. ചേദ്യം ചെയ്യലില്‍ വെങ്കിടേഷിനെയും ഇയാളെ കൂടാതെ 10 പേരെയും താന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു. വസ്തുകച്ചവടവും നിധി കണ്ടെത്തുന്നതിനായി ബലി കൊടുക്കാന്‍ ഗര്‍ഭിണികളെ വേണമെന്ന് പറഞ്ഞതോടെ ഉണ്ടായ തര്‍ക്കവുമാണ് വെങ്കിടേഷിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : റിയല്‍ എസ്റ്റേറ്റ് ബിസിനസിനോടൊപ്പം നിധി ശേഖരം കണ്ടെത്താനായി ദുര്‍മന്ത്രവാദം നടത്തുന്നതും പ്രതിയുടെ പതിവായിരുന്നു. കൊല്ലപ്പെട്ട വെങ്കിടേഷും താന്‍ വാങ്ങിയ കൊല്ലപുരിലുള്ള സ്ഥലത്ത് നിധിശേഖരമുണ്ടോ എന്നറിയിനാണ് സത്യനാരായണയെ ബന്ധപ്പെടുന്നത്. മന്ത്രവാദം നടത്തി നിധി കണ്ടെത്താനായി 10 ലക്ഷം രൂപ വെങ്കിടേഷ് സത്യനാരായണയ്ക്ക് നല്‍കി. മന്ത്രവാദത്തിനായി മൂന്ന് ഗര്‍ഭിണികളെ നരബലി നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതോടെ വെങ്കിടേഷ് മന്ത്രവാദത്തില്‍ നിന്നും പിന്മാറി. താന്‍ നല്‍കിയ 10 ലക്ഷം തിരികെ തരണമെന്നും ആവശ്യപ്പെട്ടു.
പലരെയും കബളിപ്പിച്ച് പണവും വസ്തുവകകളും തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതി. വെങ്കിടേഷ് പണം ചോദിച്ചതോടെ സത്യനാരായണ ഇയാളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. പൂജയുടെ ഭാഗമായി നവംബര്‍ നാലാം തീയതി സത്യനാരായണ വെങ്കിടേഷിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. പിന്നീട് പ്രസാദമെന്ന് പറഞ്ഞ് പാലില്‍ വിഷം ചേര്‍ത്ത് നല്‍കി. ബോധരഹിതനായ വെങ്കിടേഷിന്റെ വായിലും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്തു. വെങ്കിടേഷ് ദിവസങ്ങളായി വീട്ടിലെത്താതിരുന്നതോടെ ഭാര്യ നല്‍കിയ പരാതില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടയിലാണ് സത്യനാരായണയുമായി നടത്തിയ ഫോണ്‍കോളുകള്‍ പോലീസ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങള്‍ പുറത്തറിയുന്നത്. വസ്തുവകകളില്‍ നിധിശേഖരം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും മന്ത്രവാദത്തിലൂടെ ഇത് കണ്ടെത്താമെന്നും പറഞ്ഞ് കബളിപ്പിച്ച് പണവും വസ്തുവകകളും തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 10 പേരെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പോലീസ് വ്യക്തമാക്കി.