എം പിമാര്‍ക്ക് ഇനി പ്രത്യേക കവാടം, സന്ദര്‍ശക ഗ്യാലറിയില്‍ ഗ്ലാസ് മറ, പാര്‍ലമെന്റിലെ സുരക്ഷ വര്‍ധിപ്പിക്കുന്നു

ന്യൂദല്‍ഹി - പാര്‍ലമെന്റില്‍ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് രണ്ട് പേര്‍ എം പിമാര്‍ ഇരിക്കുന്ന സ്ഥലത്തെത്തി കളര്‍ സ്‌പ്രേ പ്രയോഗിക്കുകയും ഭീതി പരത്തുകയും ചെയ്തതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  എം പിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടാനാണ് പുതിയ തീരുമാനം. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും, പാര്‍ലമെന്റ് ജീവനക്കാര്‍ക്കും വെവ്വേറെ ഗേറ്റ് ഒരുക്കാനും തീരുമാനമായി. സന്ദര്‍ശക ഗാലറിയില്‍ ഗ്ലാസ് മറ ഘടിപ്പിക്കും. സന്ദര്‍ശക പാസ് അനുവദിക്കുന്നതില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനും വിമാനത്താവളത്തിലേതിന് സമാനമായ ബോഡി സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനിച്ചു. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗര്‍ ശര്‍മ്മ എന്നയാളുമാണ് ലോകസഭയില്‍ എത്തി കളര്‍ സ്‌പ്രേ പ്രയോഗിക്കുകയും ഭീതി പരത്തുകയും ചെയ്തത്. ആറു പേരാണ് പാര്‍ലമെന്റിന് അകത്തും പുറത്തുമായി പ്രതിഷേധിച്ചത്. ഇതില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാമനായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. മൈസൂരു എം പി പ്രതാപ് സിന്‍ഹ നല്‍കിയ പാസ് ഉപയോഗിച്ചാണ് സാഗര്‍ ശര്‍മയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ലോകസഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി.

 

Latest News