Sorry, you need to enable JavaScript to visit this website.

ലോക സിനിമയുടെ സിംഫണിയിൽ ജിദ്ദ

ഒമർ ജാവേദ്, രമേശ് നവാൽ, ബക്തവാർ മസ്ഹർ, ശാന്ത് ജോഷി എന്നിവർ ചേർന്ന് ഗോൾഡൻ യുസ്ർ അവാർഡ് ഏറ്റുവാങ്ങുന്നു.


ഇക്കഴിഞ്ഞ പത്ത് രാപ്പകലുകൾ ജിദ്ദയിലായിരുന്നു ലോക സിനിമ. ക്ലാസിക് ചിത്രങ്ങളുടെയും വൈവിധ്യമാർന്ന ഡോക്യുമെന്ററികളുടെയും ദൃശ്യചാരുതയിൽ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലെ ഗാലാ തിയേറ്ററിലെയും റെഡ് സീ മാളിലെ വോക്‌സ് തിയേറ്ററിലെയും നിറസദസ്സുകൾക്ക് മുമ്പിൽ മൊത്തം 132 സിനിമകളുടെ പ്രദർശനം. അറബ് - ഹോളിവുഡ് - ബോളിവുഡ് - ആഫ്രിക്കൻ, ഏഷ്യൻ, ഫാർ ഈസ്റ്റേൺ, ഓസ്‌ട്രേല്യൻ സിനിമകളുടെ ഉൽസവം. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശനത്തോടൊപ്പം അവയുടെ അണിയറ പ്രവർത്തകരോടൊപ്പം സദസ്യർക്ക് സംവദിക്കാനും നടീനടന്മാർക്കൊപ്പം ഫോട്ടോകളെടുക്കാനുള്ള അവസരവും സംഘാടകർ ഒരുക്കി. മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ എല്ലാ അർഥത്തിലും വൻവിജയമായി മാറിയെന്ന് സമാപനച്ചടങ്ങിൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി വ്യക്തമാക്കി. 


67 രാജ്യങ്ങളിൽ നിന്നുള്ള 34 ഭാഷകളിലുള്ള സിനിമകളാണ് പ്രദർശിപ്പിക്കപ്പെട്ടത്. 48 അറബ് പ്രീമിയറുകളും 26 വേൾഡ് പ്രീമിയറുകളും സ്‌ക്രീൻ ചെയ്യപ്പെട്ടു. സൗദിയിലെയും യു.എ.ഇയിലെയും തുനീഷ്യയിലെയുമുൾപ്പെടെയുള്ള 45 വനിത സംവിധായകർ ഇത്തവണ അവരുടെ ചിത്രപ്രദർശനത്തിന് വേദി നൽകിയ റെഡ് സീ ഫിലിം ഫെസ്റ്റിവൽ സംഘാടകരെ നന്ദി അറിയിച്ചു. ഇവരിൽ യു.എ.ഇയിലെ ആദ്യത്തെ വനിത സംവിധായിക നൈലാ ഖാജയുമുണ്ട്. ത്രി എന്ന അവരുടെ പടം ഗാലാ തിയേറ്ററിൽ ഹർഷാരവങ്ങളോടെയാണ് പ്രേക്ഷകർ വരവേറ്റത്. തുനീഷ്യയിൽ നിന്ന് ഫോർ ഡോട്ടേഴ്‌സ് എന്ന ചിത്രവുമായി എത്തിയ കൗത്തർ ബിൻത് ഹാനിയക്ക് മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. സാലെഹ് ബക്‌രിയാണ് മികച്ച നടൻ. മികച്ച നടിക്കുള്ള പുരസ്‌കാരം ഇൻശാ അല്ലാഹ്-എ ബോയ് എന്ന ചിത്രത്തിലെ അഭിനയത്തിന് മോനാ ഹവക്ക് ലഭിച്ചു. കരീം ബെൻ സലാഹ്, ജമാൽ ബെൽ മാഹി എന്നിവർക്കാണ് തിരക്കഥ രചനക്കുള്ള അവാർഡ് ലഭിച്ചത്. പടം: സിക്‌സ് ഫീറ്റ് ഓവർ. 
സൺഡേ എന്ന പടം സംവിധാനം ചെയ്ത ഷോക്കിർ ഖോലിക്കോവിനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ദ ടീച്ചർ എന്ന പടമെടുത്ത ഫലസ്തീനി സംവിധായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഫറാ നബുൽസി ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അർഹയായി.  


കനേഡിയൻ - പാക് നിർമാണക്കമ്പനിയുടെ ബാനറിൽ ഒമർ ജാവേദ്, രമേശ് നവാൽ എന്നിവർ സംയുക്തമായി നിർമിച്ച് സെറാർ ഖാൻ സംവിധാനം ചെയ്ത 'ഇൻ ഫ്‌ളെയിംസ്' എന്ന സിനിമക്കാണ് ഗോൾഡൻ യുസ്ർ അവാർഡ് ലഭിച്ചത്. തർസീം സിംഗ് സംവിധാനം ചെയ്ത ഡിയർ ജാസി എന്ന ബോളിവുഡ് ചിത്രം സിൽവർ യുസ്ർ പുരസ്‌കാരത്തിന് അർഹമായി. ടൊറന്റോ ഫെസ്റ്റിവലിൽ അംഗീകാരം ലഭിച്ച ഈ പടം ജാതി വ്യവസ്ഥയുടെ ഇരകളായ ഇന്ത്യൻ ദമ്പതികളുടെ കഥ പറയുന്നു. ലോസ്റ്റ് ലേഡീസ് (ലാപത്താ ലേഡീസ്) എന്ന ആമിർഖാൻ - കിരൺറാവു ചിത്രമാണ് വോക്‌സ് തിയേറ്ററിൽ പ്രദർശിപ്പിച്ച മറ്റൊരു ഇന്ത്യൻ ചിത്രം. കുർദിഷ് - നോർവീജിയൻ സംവിധായകൻ ഹൽഖൗത്ത് മുസ്തഫയുടെ 'ഹൈഡിംഗ് സദ്ദാം ഹുസൈൻ'' ഈ മേളയിലെ ഏറ്റവുമധികമാളുകളെ ആകർഷിച്ച ചിത്രമായി. 


24 അവേഴ്‌സ് വിത്ത് ഗാസ്പർ എന്ന ഇന്തോനേഷ്യൻ ചിത്രവും ഏറെ ശ്രദ്ധേയമായി. വലത് ഭാഗത്ത് ഹൃദയമുള്ള, മരണത്തിനു കീഴടങ്ങാൻ 24 മണിക്കൂർ മാത്രം ശേഷിക്കേ, നഷ്ടപ്പെട്ടു പോയ ബാല്യകാല സഖിയെ തേടിയുള്ള യുവാവിന്റെ അന്വേഷണം തകൃതിയായ ഗംഭീരമായ ഒരു ക്രൈം ത്രില്ലർ. ബുസാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ചിത്രം. റേസാ റഹാദിയാൻ നായകനായി തകർപ്പൻ അഭിനയം. സംവിധായകൻ യോസപ്പ് അങ്കിനിയോൺ, നായിക ഷെനീന സിനമോൺ എന്നിവരുമായി പ്രേക്ഷകർ സംവദിക്കുകയും ചെയ്തു.


യു.എ.ഇയിലെ ആദ്യ വനിത സംവിധായിക നൈല ഖാജയുടെ 'ത്രീ' എന്ന ചിത്രവും വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ചു. സ്വരമാന്ത്രികൻ എ.ആർ. റഹ്മാന്റെ സാന്നിധ്യത്തിൽ റിറ്റ്‌സ് കാൾട്ടൺ ഗാല തിയേറ്ററിൽ സ്‌ക്രീൻ ചെയ്ത ഈ ഹൊറർ ചിത്രം പ്രേക്ഷകർക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ പോന്നതായി. അഹമ്മദ് എന്ന ബാലന്റെ ദേഹത്ത് മൂന്ന് ജിന്നുകൾ ബാധിക്കുന്നതും അവയെ ഒഴിപ്പിക്കുന്നതുമായ സൈക്കോളജിക്കൽ ഹൊറർ പടം. അഹമ്മദിന്റെ വേഷത്തിൽ ദുബായിക്കാരനായ സൗദ് അൽ സരൂനി എന്ന പതിനൊന്നാം ക്ലാസുകാരൻ തകർത്ത് അഭിനയിച്ചു. ഈജിപ്ഷ്യൻ നടി ഫാത്തിൻ അഹമ്മദ്, ബ്രിട്ടീഷ് നടൻ ജെഫെഴ്‌സൺ ഹാൾ എന്നിവരും തിളങ്ങി. ഇന്ത്യക്കാരനായ സിദ്ധാർഥ് ഠക്കറാണ് 'ത്രീ'  യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. നൈലയുടെ അടുത്ത ചിത്രമായ 'ബാബ്' ഉടൻ റിലീസ് ചെയ്യുമെന്ന് നൈ്‌ല ഖാജ പറഞ്ഞു. എ. ആർ. റഹ്മാനാണ് സംഗീത സംവിധാനം.


ലോക സിനിമക്ക് മറക്കാനാവാത്ത പേരാണ് ഫ്രാൻസിസ് കൊപ്പോള. അദ്ദേഹത്തിന്റെ മകൾ സോഫിയ കൊപ്പോള സംവിധാനം ചെയ്ത 'പ്രിസില്ല' മികച്ച ദൃശ്യാനുഭവമായി. അമേരിക്കൻ ഗായകനും നടനുമായ എൽവിസ് പ്രിസ്‌ലിയുമായുള്ള പ്രസില്ലയുടെ പ്രണയവും എൽവിസിന്റെ ജീവിതത്തിലെ ഇരുണ്ട വശവുമെല്ലാം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്, സോഫിയ കൊപ്പോള. സൗദി സംവിധായകൻ യാസിർ അൽ യസീരിയുടെ 'ഹവുജാൻ' എന്ന ശീർഷകത്തിലുള്ള സിനിമയാണ് ഉദ്ഘാടന ദിവസം പ്രദർശിപ്പിച്ചത്. ജോൺ വൂ സംവിധാനം ചെയ്ത സൈലന്റ് നൈറ്റ്, ബെൻ ഹാനിയുടെ ഫോർ ഡോട്ടേഴ്‌സ്, അലി ഖൽത്താമിയുടെ മന്തൂപ് എന്നീ സിനിമകളും രണ്ടാം ദിവസം റെഡ് സീ വോക്‌സ് തിയേറ്ററിൽ പ്രദർശിപ്പിച്ചു. 


പ്രമുഖ ഓസ്‌ട്രേലിയൻ സംവിധായകൻ ബാസ്‌ലുഹ്ർമാനായിരുന്നു ചലച്ചിത്ര മേളയുടെ മുഖ്യ വിധികർത്താവ്. എഴുത്തുകാരൻ, നിർമാതാവ് എന്ന നിലകളിലും പ്രസിദ്ധനാണ് ഈ ലോക സിനിമാപ്രതിഭ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എൽവിസ് എന്ന പ്രശസ്ത സിനിമയിലൂടെ വിഖ്യാതനാണ് ബാസ്‌ലുഹ്ർമാൻ.

 


കരൺ ജോഹർ, എ.ആർ. റഹ്മാൻ, രൺവീർ സിംഗ്, കത്രീനാ കൈഫ്, ആലിയാ ഭട്ട് എന്നിവരുടെ സാന്നിധ്യവും ഇന്ത്യക്കാരിയായ ശിവാനി പാണ്ഡെയുടെ മേൽനോട്ടത്തിലുള്ള ഫെസ്റ്റിവൽ സംഘാടക സമിതിയും റെഡ് സീ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ സംഭാവനയുടെ മികച്ച ഉദാഹരണങ്ങളായി. മലയാളം ന്യൂസ് പ്രസാധകരായ എസ്.ആർ.എം.ജിയുൾപ്പെടെ പ്രായോജകരായ ഇത്തവണത്തെ റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോൺസർമാർ നിയോം, വോക്‌സ്, എം.ബി.സി കമ്പനികളായിരുന്നു. 

Latest News