മുംബൈ- അടുത്തിടെ മുംബൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ഒരു സംഭവം വിവാദമാകുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൻട്രൽ റെയിൽവേ ലോക്കൽ ട്രെയിനിലെ രണ്ടാം ക്ലാസ് ലേഡീസ് കോച്ചിനുള്ളിൽ ഒരു യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന പോലീസുകാരന്റെ വീഡിയോ ആണ് വൈറലായത്. എസ്.എഫ് ഗുപ്ത എന്ന പോലീസുകാരൻ ട്രെയിനിൽ സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ ഒരു യുവതിക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആയിരുന്നു ഇത്. ഡിസംബർ ആറിന് രാത്രി 10.00 മണിയോടെയാണ് സംഭവം. രാത്രിയാത്രാസമയത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഹോം ഗാർഡായിരുന്നു ഗുപ്ത. ഡാൻസ് റീൽ ചിത്രീകരിക്കുന്ന സ്ത്രീക്ക് നിർദ്ദേശങ്ങൾ നൽകുന്ന ഗുപ്ത ഏതാനും നിമിഷങ്ങൾക്കുശേഷം, സംഗീതത്തിന്റെ താളത്തിനൊത്ത് യുവതിക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു.
സംഭവം വിവാദമായതോടെ ഹോം ഗാർഡിനെതിരെ ഉടൻ നടപടിയെടുക്കാൻ റെയിൽവേ മാനേജർ നിർദ്ദേശം നൽകി. ഡിസംബർ 8 ന് ഗുപ്തയ്‌ക്കെതിരെ ഔപചാരിക റിപ്പോർട്ട് സമർപ്പിച്ചു. ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ. യൂണിഫോമിലും ഡ്യൂട്ടിയിലും ആയിരിക്കുമ്പോൾ ഫോട്ടോ എടുക്കുകയോ വീഡിയോകൾക്ക് പോസ് ചെയ്യുകയോ സെൽഫി എടുക്കുകയോ ചെയ്യരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.