Sorry, you need to enable JavaScript to visit this website.

ഒ.ടി.പി അവരുടെ പക്കല്‍ തന്നെ; ജിദ്ദയില്‍ മലയാളിയുടെ അക്കൗണ്ടില്‍നിന്ന് പണം തട്ടി

ജിദ്ദ-ഏതെങ്കിലും വിധേന കബളിപ്പിച്ച് ഒ.ടി.പി കരസ്ഥമാക്കിയാണ് സൈബര്‍ തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം തട്ടാറുള്ളതെങ്കിലും അതൊന്നും സംഭവിക്കാതെ തന്നെ ജിദ്ദയില്‍ മലയാളിക്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായി. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്താണോ സിം സ്വാപ്പിംഗ് നടത്തിയാണോ തട്ടിപ്പ് നടത്തിയതെന്നു വ്യക്തമല്ല.
ഒ.ടി.പി കൈമാറാതെ തന്നെ മലപ്പുറം സ്വദേശിയുടെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് മൊബൈലിയില്‍നിന്ന് റീച്ചാര്‍ജ് വൗച്ചര്‍ പര്‍ച്ചേസ് ചെയ്തിരിക്കയാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ അഞ്ച് തവണ പര്‍ച്ചേസ് നടത്തിയതിനെ തുടര്‍ന്ന് 1900 റിയാലാണ് നഷ്ടമായത്. അല്‍ രാജ്ഹി ബാങ്കിന്റെ മദ കാര്‍ഡ് ആപ്പിള്‍ വാലറ്റില്‍ ചേര്‍ത്ത് ആപ്പിള്‍ പേ വഴിയാണ് പര്‍ച്ചേസ് നടത്തിയത്. തുരുതുരാ പര്‍ച്ചേസിംഗ് നടത്തിയ നോട്ടിഫിക്കേഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം അറിയുന്നത്. അതേസമയം, ആപ്പിള്‍ പേയില്‍ കാര്‍ഡ് ചേര്‍ക്കുന്നതിനായി നേരത്തെ ഫോണിലേക്ക് വന്ന ഒ.ടി.പി ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
തട്ടിപ്പുകാര്‍ പര്‍ച്ചേസ് നടത്താന്‍ ഉപയോഗിച്ച ആപ്പിള്‍ പേയുടെ ഒ.ടി.പി യഥാര്‍ഥ ഫോണ്‍ നമ്പര്‍ ഉടമയുടെ ഫോണിലേക്ക് വന്നതോടൊപ്പം തട്ടിപ്പുകാര്‍ക്ക് കാണാന്‍ കഴിയുന്ന മറ്റൊരു ഫോണിലേക്കും യഥാസമയം ലഭിച്ചു. ഇതിനുശേഷം ഓണ്‍ലൈന്‍ പര്‍ച്ചേസിനുള്ള പാസ് വേഡ് മാറ്റാനുള്ള ഒ.ടി.പിയും ഇതുപോലെ കരസ്ഥമാക്കി.  
ഉപയോക്താവിന്റെ ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സിം സ്വാപ്പിംഗ് വഴിയാണ് സാധാരണ ഇത്തരം തട്ടിപ്പുകള്‍ നടത്താറുള്ളത്. സിം സ്പ്ലിറ്റിംഗ്, സിം ജാക്കിംഗ്, സിം ഹൈജാക്കിംഗ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വിദ്യ തട്ടിപ്പുകാര്‍ ഉപയോഗിക്കുമ്പോള്‍ യഥാര്‍ഥ സിം കാര്‍ഡ് ഉടമക്ക് തന്റെ നമ്പറിലുള്ള നിയന്ത്രണം നഷ്ടമാകുന്നു. ബാങ്ക് അക്കൗണ്ടിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പ്രവേശിക്കുന്നതിനുള്ള ഇരട്ട വെരഫിക്കേഷന്‍ അടക്കം ഇതോടെ തട്ടിപ്പുകാര്‍ക്ക് സാധ്യമാകുന്നു.
പുതിയ തട്ടിപ്പിനിരയായ മലപ്പുറം സ്വദേശിക്ക് ഫോണ്‍ നമ്പറില്‍ നിയന്ത്രണം നഷ്ടപ്പെടുകയോ കോളുകളും മെസേജുകളും ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൊബൈല്‍ ദാതാവായ എസ്.ടി.സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇഖാമ നമ്പറില്‍ ഒറ്റ ഫോണ്‍ നമ്പര്‍ മാത്രമേയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള മറ്റൊരു സാധ്യതയാണ് നിലനില്‍ക്കുന്നത്.
ബാങ്കുമായി ബന്ധപ്പെട്ട് പുതിയ മദ കാര്‍ഡ് കരസ്ഥമാക്കി പരാതി നല്‍കി കാത്തിരിക്കയാണ് മലയാളി യുവാവ്. ഒ.ടി.പി കരസ്ഥമാക്കാനുള്ള വവിധ കബളിപ്പിക്കല്‍ മാര്‍ഗങ്ങള്‍ക്ക് വഴങ്ങാതിരുന്നാലും ഇരട്ട വെരിഫിക്കേഷന്‍  ഉണ്ടായാലും  ഫോണ്‍ നമ്പറുകളുടെ നിയന്ത്രണം കൈക്കലാക്കി പണം തട്ടാനുള്ള വഴി തട്ടിപ്പുകാര്‍ സ്വകീരിക്കുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

 

 

Latest News