മുംബൈ- വേര്‍പിരിഞ്ഞെങ്കിലും മകളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ബോളിവുഡ് താരം ആമിര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയും വീണ്ടും ഒരുമിച്ചെത്തി. മകള്‍ ഇറാ ഖാന് പുരസ്‌കാരം ലഭിക്കുന്നത് വീക്ഷിക്കാനാണ് ആമിറും റീനയുമെത്തിയത്. ഒപ്പം ഇറയുടെ ഭാവിവരന്‍ നൂപുര്‍ ശിഖാരെയുമുണ്ടായിരുന്നു.
സിഎസ്ആര്‍ ജേര്‍ണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌സില്‍ ഇന്‍സ്‌പെയറിങ് യൂത്തിനുള്ള പുരസ്‌കാരമാണ് ഇറയ്ക്ക് ലഭിച്ചത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംഘടനയായ അഗത്സു ഫൗണ്ടേഷന്റെ സ്ഥാപകയും സിഇഒയുമാണ് ഇറ. ഈ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇറയ്ക്ക് പുരസ്‌കാരം നല്‍കിയത്.
പുരസ്‌കാരം സ്വീകരിച്ചെത്തിയ ഇറയെ കവിളില്‍ ചുംബിച്ചാണ് ആമിര്‍ സ്വീകരിച്ചത്. സന്തോഷത്താല്‍ ഇറയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തന്റെ വിഷാദകാലം അതിജീവിക്കാന്‍ മകളാണ് സഹായിച്ചതെന്ന് നേരത്തെ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ഇറയും വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഇത്തരമൊരു സന്നദ്ധ സംഘടന തുടങ്ങാന്‍ അത് പ്രചോദനമായിട്ടുണ്ടെന്നും ഇറ വ്യക്തമാക്കിയിരുന്നു.
താരം ആമിര്‍ ഖാനും റീന ദത്തയും തമ്മിലുള്ള വിവാഹം നടന്നത് 1986ലാണ്. 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2002ല്‍ വേര്‍പിരിഞ്ഞു. രണ്ട് വഴികളിലൂടെ യാത്ര തുടങ്ങിയെങ്കിലും മക്കളായ ജുനൈദ് ഖാനും ഇറാ ഖാനും വേണ്ടി ഇരുവരും ഒരു വേദിയില്‍ ഒരുമിച്ചെത്താറുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഇറാ ഖാന്റെ വിവാഹനിശ്ചയ ചടങ്ങിന് ഇരുവരും ഒരുമിച്ച് പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുന്നതിന്റെ ഏറ്റവും മികച്ച ഉദാഹണമെന്നാണ് ഈ കൂടിച്ചേരലിനെ ആരാധകര്‍ വിശേഷിപ്പിച്ചത്.