ബെലഗാവി- മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് വടക്കന്‍ കര്‍ണാടകയില്‍ സ്ത്രീയെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബെലഗാവി ജില്ലയിലെ വന്താമുറി ഗ്രാമത്തിലാണ് സംഭവം. സ്ത്രീയുടെ മകന്‍ താന്‍ പ്രണയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് ശേഷമാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം നടത്താനിരിക്കെയാണ് ഞായറാഴ്ച രാത്രി അതേ ഗ്രാമത്തിലെ ആണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയത്. ഇരുവരും ഒരേ സമുദായക്കാരാണ്.
പെണ്‍കുട്ടിയെ കാണാതായെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ ആണ്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അമ്മയെ മര്‍ദിക്കുകയായിരുന്നു. വീടിനു മുന്നിലെ തൂണില്‍ കെട്ടിയിട്ട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തു.
ഗ്രാമവാസികളില്‍ ഒരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഗംഗവ്വ, സംഗീത, കെമ്പണ്ണ എന്നിവരടക്കം ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ സന്ദര്‍ശിച്ചു. മന്ത്രി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ യുവതിയുട ബന്ധുക്കള്‍ അവരുടെ കാലില്‍ വീണു കരഞ്ഞു.
ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നുവെന്ന് യുവതി മന്ത്രിയോട് പറഞ്ഞു. ട്രക്ക് െ്രെഡവറായ ഭര്‍ത്താവ് ലഗമണ്ണ ഡ്യൂട്ടിക്ക് പോയതായിരുന്നു.
പൂനെയിലായിരുന്ന ലഗമണ്ണ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും സംരക്ഷണം ലഭിക്കണമെന്നും ബന്ധുക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതികളില്‍ ചിലര്‍ നേരത്തെയും കുറ്റം ചെയ്തവരാണ്. ഗ്രാമപഞ്ചായത്ത് അംഗത്തെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ക്കെതിരെ കേസുള്ളത്.
തന്റെ ഭാര്യയെ ആക്രമിക്കുമ്പോള്‍ അവര്‍ ജാമ്യത്തിലായിരുന്നുവെന്നും ഇവര്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ലഗമണ്ണ പറഞ്ഞു. ന്യയമായ വിചാരണ നടത്തി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം പറഞഅഞു.
മകനും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്കോ ഭാര്യക്കോ അറിയില്ലായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഞങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി ജി.പരമേശ്വര ബെലഗാവി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ വേദന പങ്കുവെച്ചു. ഇത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും സ്ത്രീകളെ അപമാനിക്കുന്നത് സര്‍ക്കാര്‍ ഒരുതരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞഞു. ഇതിനകം തന്നെ കര്‍ശന നടപടി സ്വീകരിച്ച ബെലഗാവി പോലീസ് പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്കും അവരുടെ കുടുംബത്തിനും നീതി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.