Sorry, you need to enable JavaScript to visit this website.

ബൈക്ക് നന്നാക്കാന്‍ കാശില്ല, അച്ഛനില്‍നിന്ന് പണം തട്ടാന്‍ കള്ളക്കഥ മെനഞ്ഞ യുവാവ് കുടുങ്ങി

മുംബൈ- അച്ഛനില്‍നിന്ന് പണം തട്ടാന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ ചമച്ച യുവാവ് കുടുങ്ങി. ഇരുപതുകാരനായ അങ്കിതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലാണ് സംഭവം.
ബൈക്കിന്റെ കേടുപാടുകള്‍ മാറ്റുന്നതിനും മറ്റുമായി പണം കണ്ടെത്താനാണ് യുവാവ് പദ്ധതി ആസൂത്രണം ചെയ്തത്. 30,000 രൂപയാണ് യുവാവിന് ആവശ്യമായിരുന്നത്. അച്ഛനോട് നേരിട്ട് ചോദിച്ചാല്‍ കിട്ടില്ല എന്ന് ഉറപ്പായതിനാലാണ് തന്നെ തട്ടിക്കൊണ്ടുപോയതായുള്ള കഥ ചമച്ച് അച്ഛനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്.   
പരാതിയില്‍ അന്വേഷണം ആരംഭിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ 20കാരന്‍ പോലീസിന്റെ പിടിയിലായി.  
രാത്രി വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അങ്കിത്തിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അച്ഛന്‍ പോലീസിനെ സമീപിച്ചത് അറിയാതെ, തന്നെ തട്ടിക്കൊണ്ടുപോയതായുള്ള കഥയുമായി മകന്‍ മുന്നോട്ടുപോകുകയായിരുന്നു.
അങ്കിതിനെ വിട്ടയക്കണമെങ്കില്‍ മോചനദ്രവ്യമായി 30,000 രൂപ ഓണ്‍ലൈന്‍ വഴി സംഘത്തിന് കൈമാറണമെന്ന് അച്ഛന് സന്ദേശം ലഭിച്ചു. സ്‌കാന്‍ ചെയ്ത് പണം കൈമാറാന്‍ ക്യൂ ആര്‍ കോഡും അയച്ചുകൊടുത്തു. ഇതിനെ ചുറ്റിപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.
വെള്ളിയാഴ്ച അങ്കിത്തിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ശനിയാഴ്ച അങ്കിത്ത് ബന്ധുവിനെ വിളിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതായി അറിയിച്ചത്. തുടര്‍ന്ന് 30,000 രൂപ ഉടന്‍ തന്നെ കൈമാറാന്‍ ആവശ്യപ്പെട്ട് അച്ഛന് ക്യൂആര്‍ കോഡ് അയച്ചു കൊടുക്കുകയും ചെയ്തു.
തുടക്കത്തില്‍ യഥാര്‍ഥ തട്ടിക്കൊണ്ടുപോകല്‍ ആണെന്നാണ് കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ പറയാതെ മകന്‍ ഇതുവരെ പുറത്തേയ്ക്ക് പോയിട്ടില്ലെന്ന മാതാപിതാക്കളുടെ മൊഴിയാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്താന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിന് മുമ്പാണ് തട്ടിക്കൊണ്ടുപോകല്‍ അങ്കിത്ത് ആസൂത്രണം ചെയ്തത്. വീട്ടില്‍ നിന്ന് ഇറങ്ങി സൂറത്തിലേക്കാണ് യുവാവ് പോയത്. വെള്ളിയാഴ്ച രാവിലെയാണ് മടങ്ങിയെത്തിയത്. തുടര്‍ന്നാണ് അച്ഛനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നും പോലീസ് പറയുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ അച്ഛന്‍ പൊലീസിനെ സമീപിക്കുമെന്ന് അങ്കിത്ത് കരുതിയിരുന്നില്ല. അങ്കിത്ത് പങ്കുവെച്ച ക്യൂആര്‍ കോഡ് ഒരു കടയുടമയുടേത് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കടയുടമയെ പോലീസ് ചോദ്യം ചെയ്തു. അങ്കിത്തിന്റെ കോള്‍ റെക്കോര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 20കാരനെ കൈയോടെ പിടികൂടിയത്. ഇരുപതുകാരന് കൗണ്‍സിലിങ് നല്‍കുമെന്ന് പോലീസ് പറഞ്ഞു.

 

Latest News