Sorry, you need to enable JavaScript to visit this website.

ഓഹരി ഇൻഡക്‌സുകൾ തകർപ്പൻ പ്രകടനത്തിൽ

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ആവേശത്തിലാണ്. റെക്കോഡുകൾ പുതുക്കി സൂചിക മുന്നേറിയത് ബ്ലൂചിപ്പ് ഓഹരികളിലെ നിക്ഷേപ താൽപര്യം ഇരട്ടിപ്പിക്കാൻ വിദേശ ഫണ്ടുകളെയും പ്രദേശിക നിക്ഷേപകരെയും പ്രേരിപ്പിച്ചു. സാങ്കേതികമായി മാർക്കറ്റ് ഓവർ ബ്രോട്ടായിട്ടും ഭാഗ്യ പരീക്ഷണങ്ങൾക്ക് നിക്ഷേപകർ മത്സരിച്ചു.  നിഫ്റ്റി സൂചിക വിപണിയുടെ ചരിത്രത്തിൽ ആദ്യമായി 21,000 ലേയ്ക്ക് സഞ്ചരിച്ചപ്പോൾ സെൻസെക്‌സ് 70,000 മറികടക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വാരം നിഫ്റ്റി 701 പോയന്റും സെൻസെക്‌സ് 2344 പോയന്റും ഉയർന്നു. ഒരു മാസത്തിൽ ഇവ യഥാക്രമം 1525, 4849 പോയന്റും കയറി. വർഷാന്ത്യത്തിന് ആഴ്ചകൾ മാത്രം ശേഷക്കേ 2023 ൽ ഇൻഡക്‌സുകളും 15 ശതമാനം നേട്ടത്തിലാണ്. ആഗോള തലത്തിൽ ഇത്തരം ഒരു കുതിപ്പ് മറ്റൊരു രാജ്യത്തെ ഓഹരി വിപണിക്കും പന്ത്രണ്ട് മാസത്തിൽ കാഴ്ച വെക്കാനായില്ല. 
ആഗോള തലത്തിൽ നാലാം സ്ഥാനത്ത് എത്തി ഇന്ത്യൻ മാർക്കറ്റ്. വിപണി മൂലധനം നാല് ട്രില്യൺ ഡോളർ മറികടന്നു. അമേരിക്ക, ചൈന, ഹോങ്കോങ്, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ നാം ഇടം പിടിച്ചു. പുതിയ സാഹചര്യത്തിൽ വിദേശ ഓപറേറ്റർമാരുടെ പിൻതുണ ഏതാനും വർഷങ്ങൾ തുടരാം. 
ബുള്ളിഷ് ട്രെന്റിൽ നീങ്ങുന്ന നിഫ്റ്റി മുൻവാരത്തിലെ 20,267 ൽ നിന്നും റെക്കോഡുകൾ തകർത്ത് 21,006.10 വരെ കയറി, വാരാന്ത്യം സൂചിക 20,969 പോയന്റിലാണ്. കുതിപ്പിന് ഇടയിൽ ഫണ്ടുകളുടെ ലാഭമെടുപ്പിൽ ബുൾ ഓപറേറ്റർമാരുടെ പണപ്പെട്ടി നിറഞ്ഞ അവസ്ഥയാണ്. നേടിയ പണവുമായി അവർക്ക് സൂചികയെ വീണ്ടും ഉയർന്ന തലങ്ങളിലേയ്ക്ക് കൈപിടിച്ച് ഉയർത്താനാവും.
ഈ വാരം നിഫ്റ്റിക്ക് 21,143-21,318 ൽ  പ്രതിരോധം തല ഉയർത്താം. അടുത്ത രണ്ടാഴ്ചകളിൽ ലാഭമെടുപ്പിലും കരുത്ത് സൂക്ഷിച്ചാൽ 21,500-21,800 റേഞ്ചിൽ പുതുവർഷം നിഫ്റ്റിക്ക് തിളങ്ങാനാവും. 
നിഫ്റ്റി ഡിസംബർ ഫ്യൂച്ചർ 3.4 ശതമാനം നേട്ടത്തിൽ 21,075 ലാണ്. ഓപൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 108.7 ലക്ഷം കരാറുകളിൽ നിന്ന് 133.2 ലക്ഷമായി. നിഫ്റ്റി 50 ഈ വാരം 21,000 ന് മുകളിൽ ഇടം പിടിച്ചാൽ ഫ്യൂച്ചർ 21,500 നെ ലക്ഷ്യമാക്കും. 
സെൻസെക്‌സ് 70,000 പ്രവേശിക്കാൻ ഇന്നും നാളെയുമായി ശ്രമിക്കും. 67,481 ൽ നിന്നും സൂചിക 69,893.80 വരെ ഉയർന്ന ശേഷം വാരാന്ത്യം 69,825 ലാണ്. റെക്കോർഡ് പുതുക്കി 70,378 ലെ ആദ്യ പ്രതിരോധം തകർത്താൽ സെൻസെക്‌സ് 70,931-72,522 നെ ഉറ്റുനോക്കാം. 
രൂപയ്ക്ക് വീണ്ടും മൂല്യത്തകർച്ച. രൂപ 83.29 ൽ നിന്നും 83.39 ലേയ്ക്ക് ദുർബലമായി. അതേസമയം ആർ ബി ഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. വിദേശ ഫണ്ടുകൾ 10,929 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനിടയിൽ 1644 കോടി രൂപയുടെ വിൽപന നടത്തി. രണ്ടാഴ്ചകളിലെ വിദേശ നിക്ഷേപം 21,523 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ 1694 കോടി രൂപയുടെ നിക്ഷേപവും 1843 കോടിയുടെ വിൽപനയും നടത്തി.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണത്തിന് പുതിയ റെക്കോഡ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2071 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 2120 ലെ പ്രതിരോധം മറികടന്ന് 2147 ഡോളർ വരെ ഉയർന്നു. ഊഹക്കച്ചവടക്കാർ ഷോട്ട് കവറിങിന് കാണിച്ച ആവേശത്തിൽ കത്തിക്കയറിയ സ്വർണത്തിന് പക്ഷേ പിന്നീട്  ഉയരാനായില്ല. ഇതോടെ നിക്ഷേപകർ ലാഭമെടുപ്പിലേയ്ക്ക് തിരിഞ്ഞത് 152 ഡോളർ ഇടിവിന് അവസരം ഒരുക്കി. 
നിരക്ക് 1995 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 2004 ഡോളറിലാണ്. 
ഈ വാരം 2036  2054 ലെ പ്രതിരോധം തകർക്കാനായില്ലെങ്കിൽ അടുത്ത വർഷം സ്വർണം 1924-1880 ഡോളറിലേയ്ക്ക് തിരുത്തൽ കാഴ്ച വെക്കാം. 

Latest News