Sorry, you need to enable JavaScript to visit this website.

പുറത്താക്കൽ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ

ന്യൂദൽഹി- പാർലിമെന്റിൽ ചോദ്യം ഉന്നയിക്കുന്നതിന് കോഴവാങ്ങിയെന്ന ആരോപണത്തിൽ ലോക്‌സഭയിൽനിന്ന് പുറത്താക്കിയ എത്തിക്‌സ് കമ്മിറ്റി തീരൂമാനത്തിന് എതിരെ തൃണമൂൽ കോൺഗ്രസ്സ് അംഗം മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് മഹുവ സുപ്രീം കോടതിയെ സമീപിച്ചത്. പാർലിമെന്ററി എത്തിക്സ് കമ്മിറ്റിയുടെ റിപോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്  കഴിഞ്ഞ ദിവസം മഹുവയെ പുറത്താക്കിയത്. മഹുവ മൊയ്ത്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കുകയായിരുന്നു. മഹുവ മൊയ്ത്രക്കെതിരെയുള്ള എത്തിക്സ് കമ്മിറ്റി റിപോർട്ട് ലോക്സഭയിൽ വെക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുറത്താക്കൽ നടപടി. ചർച്ചക്കിടെ മഹുവ മൊയ്ത്ര തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ലോക്‌സഭ ശബ്്ദവോട്ടോടെ പാസ്സാക്കുകയായിരുന്നു. എത്തിക്‌സ കമ്മിറ്റി എല്ലാ ചട്ടങ്ങളും ലംഘിച്ചതായി മഹുവ മൊയ്ത്ര ആരോപിച്ചു.
മഹുവ മൊയ്ത്രയുടെ പെരുമാറ്റം ഒരു എംപി എന്ന നിലയിൽ അധാർമികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്സ  കമ്മിറ്റിയുടെ നിഗമനങ്ങൾ സഭ അംഗീകരിക്കുന്നുവെന്നും  അതിനാൽ അവർ എംപിയായി തുടരുന്നത് ഉചിതമല്ലെന്നും ലോക്സഭ സ്പീക്കർ ഓം ബിർള പ്രമേയം അംഗീകരിച്ചുകൊണ്ട് പറഞ്ഞു. പാർലമെന്റിന്റെ ലോഗിൻ വിവരങ്ങൾ മഹുവ മൊയ്ത്ര ഹിരാ നന്ദാനി ഗ്രൂപ്പിന് കൈമാറിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എംപിയെന്ന നിലയിൽ മഹുവ ഉപഹാരവും യാത്രാ സൗകര്യങ്ങളും കൈപ്പറ്റിയത് തെറ്റാണെന്നും, അവർ പണം വാങ്ങിയെന്ന ആക്ഷേപം അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. 


 

Latest News