മീനാക്ഷി ലേഖി നിഷേധിച്ചു, ഹമാസ് മറുപടിയുടെ ഉത്തരവാദിത്തമേറ്റ് വി.മുരളീധരന്‍

ന്യൂദല്‍ഹി- ഹമാസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കിയത് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്നും മന്ത്രി  മീനാക്ഷി ലേഖിയുടെ പേര് വന്നത്  സാങ്കേതിക പിഴവാണെന്നും വിദേശകാര്യമന്ത്രാലയം.
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന കെ.സുധാകരന്‍ എം.പിയുടെ ചോദ്യത്തിനാണ്  വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരില്‍ മറുപടി ലഭിച്ചത്്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ വരുന്നതാണെന്നും ബന്ധപ്പെട്ട മന്ത്രാലയമാണ് അത് നിര്‍വഹിക്കേണ്ടതെന്നുമായിരുന്നു മറുപടി. ഇത് ചര്‍ച്ചയായതോടെ താന്‍ അങ്ങനെ ഒരു മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചു.   വിദേശകാര്യ സെക്രട്ടറിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍  ഹമാസ് വിഷയത്തില്‍ മറുപടി നല്‍കിയത് വിദേശകാര്യസഹമന്ത്രിയായ വി മുരളീധരനാണെന്നും  സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും  വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. മറുപടി നല്‍കിയത് താനാണെന്ന് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. വിദേശകാര്യ മന്ത്രാലയം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മീനാക്ഷി ലേഖിയുടെ പരാതി സംബന്ധിച്ചറിയില്ല. ഹമാസ് വിഷയത്തിലെ കേന്ദ്രനിലപാട് വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും മനസ്സിലാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

 

Latest News