കയ്‌റോ- പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈജിപ്തുകാര്‍ വോട്ടുചെയ്തു തുടങ്ങി. ഗാസയിലെ ഇസ്രായില്‍ തുടരുനന യുദ്ധത്തിനും രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുമിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് അബ്ദല്‍ ഫത്താഹ് അല്‍സീസി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് സൂചന. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിലും പ്രസിഡണ്ട് വോട്ടെടുപ്പില്‍ അതു പ്രതിഫലിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയ്ക്കിടയില്‍ നിരവധി വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച വരെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുമണിവരെയാണഅ വോട്ടെടുപ്പ്. ഡിസംബര്‍ 18 ന് ഔദ്യോഗിക ഫലം പ്രഖ്യാപിക്കും.
ഏകദേശം 67 ദശലക്ഷം ആളുകള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അര്‍ഹത. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വളരെ കുറഞ്ഞ പങ്കാളിത്തമായിരുന്നതിനാല് ഇത്തവണയും എല്ലാവരും ശ്രദ്ധിക്കുന്നത് പോളിംഗ് ശതമാനമായിരിക്കും.
സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. വോട്ടര്‍മാരുടെ മനസ്സില്‍ സമ്പദ്‌വ്യവസ്ഥ തന്നെയായിരിക്കും ഒന്നാം സ്ഥാനത്തെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും സീസി തന്നെ ആയിരിക്കും ജേതാവെന്നാണ് പൊതുവായ വിലയിരുത്തല്‍.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഈജിപ്ഷ്യന്‍ പൗണ്ടിന്റെ മൂല്യം പകുതിയോളം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഈജിപ്തില്‍ പണപ്പെരുപ്പം 40 ശതമാനത്തിനടുത്തായിരിക്കയാണ്
നിലവിലെ പ്രതിസന്ധിക്ക് മുമ്പുതന്നെ, രാജ്യത്തെ ഏകദേശം 106 ദശലക്ഷം ജനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
1952 മുതല്‍ സൈനിക ശ്രേണിയില്‍ നിന്ന് ഉയര്‍ന്നുവന്ന അഞ്ചാമത്തെ പ്രസിഡന്റാണ് സീസി. ഒരു ദശാബ്ദക്കാലമായി വിയോജിപ്പിനെ അടിച്ചമര്‍ത്തിയ പശ്ചാത്തലത്തില്‍ അദ്ദേഹം തന്നെ ആയിരിക്കും തെരഞ്ഞെടുക്കപ്പെടുക.
സീസിയുടെ ഭരണത്തിന്‍ കീഴില്‍, ഈജിപ്തില്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ ജയിലിലടച്ചു. മാപ്പ് നല്‍കുന്ന പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ഒരു വര്‍ഷത്തിനിടെ ഏകദേശം 1,000 പേരെ മോചിപ്പിച്ചപ്പോള്‍ ഇതേ കാലയളവിനുള്ളില്‍ അതിന്റെ മൂന്നോ നാലോ ഇരട്ടി പേര്‍ അറസ്റ്റിലായതായി പൗരാവകാശ സംഘടനകള്‍ പറയുന്നു.
ഗാസക്കെതിരായ ഇസ്രായേല്‍ യുദ്ധത്തിന്റെ നിഴലില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണം ഈജിപ്തില്‍ പേരിനു മാത്രമായിരുന്നു. ഈജിപ്തുകാര്‍ ഈ പ്രചാരണത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയില്ലെന്നുവേണം കരുതാന്‍.
പ്രസിഡിണ്ടിനെതിരെ മത്സരിക്കുന്ന മറ്റ് മൂന്ന് സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങള്‍ക്കിടയില്‍ താരതമ്യേന അജ്ഞാതരാണ്. ഇടതുപക്ഷ ചായ്‌വുള്ള ഈജിപ്ഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ഫാരിദ് സഹ്‌റാന്‍, നൂറ്റാണ്ട് പഴക്കമുള്ളതാണെങ്കിലും താരതമ്യേന നാമമാത്ര പാര്‍ട്ടിയായ വഫ്ദില്‍ നിന്നുള്ള അബ്ദുല്‍സനദ് യമാമ, റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധി ഹസീം ഉമര്‍ എന്നിവരാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.
2013ല്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിന് ശേഷമാണ് ഈജിപ്ഷ്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഫീല്‍ഡ് മാര്‍ഷലായിരുന്ന അല്‍സിസി അധികാരത്തിലെത്തിയത്. 2013 ലെ അട്ടിമറിയുടെ പശ്ചാത്തലത്തില്‍ മുര്‍സി ഉള്‍പ്പെട്ട മുസ്ലീം ബ്രദര്‍ഹുഡിനെ നിയമവിരുദ്ധമാക്കിയിരുന്നു.
2014 ലും 2018 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അല്‍സീസി 96 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. പിന്നീട് പ്രസിഡന്‍ഷ്യല്‍ മാന്‍ഡേറ്റ് നാലില്‍ നിന്ന് ആറ് വര്‍ഷമായി നീട്ടുകയും തുടര്‍ച്ചയായി അധികാരത്തില്‍ തുടരാനുള്ള പരിധി രണ്ടില്‍ നിന്ന് മൂന്നായി ഉയര്‍ത്താന്‍ ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തു.
പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ അട്ടിമറിച്ച 2011ലെ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അരാജകത്വത്തിന് ശേഷം രാജ്യത്ത് സമാധാനം സ്ഥാപിച്ചുവെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ജനങ്ങളില്‍നിന്ന് വേണ്ടത്ര പിന്തുണയില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
2016 മുതല്‍ കറന്‍സി മൂല്യത്തകര്‍ച്ച നേരിടുന്ന രാജ്യത്ത് സിവില്‍ സര്‍വീസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ട് അല്‍സിസി നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്തി.
ഈ പരിഷ്‌കാരങ്ങള്‍ പദ്ധതികള്‍ക്കൊപ്പം രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായി. ഇത് പൊതുജനങ്ങളുടെ അതൃപ്തിക്ക് ആക്കം കൂട്ടുകയും സ്വദേശത്തും വിദേശത്തുമുള്ള അല്‍സിസിയുടെ പിന്തുണയെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു.
ദേശീയ കടം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതല്ലാതെ പലപ്പോഴും സൈന്യത്തിന്റെ നേതൃത്വത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട മെഗാ പദ്ധതികള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു.