വാഷിംഗ്ടണ്‍- ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായിലിനോട് ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയം വീറ്റോ ചെയ്ത സ്വന്തം രാജ്യത്തിന്റെ നടപടിയെ കഠിനമായി വിമര്‍ശിച്ച് യു.എസ്. ജനത. റഷ്യയും ചൈനയുമടക്കം യു.എസ് നടപടിയെ വിമര്‍ശിച്ചു.
അമേരിക്കന്‍ ജനാഭിപ്രായം ബൈഡന് ഭരണകൂടത്തിന്റെ സമീപനത്തിന് എതിരാണെന്ന് പ്യു റിസേര്‍ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായി. ബൈഡന്റെ നയത്തെ തള്ളുന്നവരാണ് ഭൂരിപക്ഷം പേരും.
യുദ്ധത്തില്‍ ഹമാസിന് ഉത്തരവാദിത്തം ഉണ്ടെന്നു സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 41% പേര് ബൈഡന്റെ നയത്തെ തള്ളുന്നു. അംഗീകരിക്കുന്നത് 35% മാത്രം. 24% പേര്‍ക്ക് അഭിപ്രായമേയില്ല. യുവാക്കളില്‍ 46% പേര് യുഎസ് നയത്തെ എതിര്‍ക്കുമ്പോള്‍ 19% മാത്രമാണ് അംഗീകരിക്കുന്നത്.
യു.എസ് വീറ്റോയെ റഷ്യ വിമര്‍ശിച്ചു. ഗാസയില്‍ കരയുദ്ധത്തിനു ഇസ്രായിലിനെ പ്രേരിപ്പിച്ചതു യു.എസ് ആണെന്ന് അവര്‍ പറഞ്ഞു. ഇസ്രായില്‍ നടത്തുന്ന പ്രാകൃതമായ കൂട്ടക്കൊലകളില്‍ യു.എസിനു പങ്കുണ്ടെന്നും റഷ്യന്‍ പ്രതിനിധി ദിമിത്രി പൊളിയാന്‍സ്കി ആരോപിച്ചു.
'സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഫലസ്തീനിലെ പതിനായിരക്കണക്കിനു സഹോദരങ്ങളെ മരിക്കാന്‍ വിട്ടിരിക്കുകയാണ് നമ്മുടെ അമേരിക്കന്‍ സുഹൃത്തുക്കളെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം, മനുഷ്യാവകാശം, സമാധാനം, സുരക്ഷ, നിയമവാഴ്ച എന്നിങ്ങനെ എത്രയധികം മനോഹര വാക്കുകള്‍ പറഞ്ഞാലും അതിലൊന്നും കാര്യമില്ലെന്നു ഇന്നു യുഎസ് വീണ്ടും തെളിയിച്ചുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈന 'കടുത്ത നിരാശയും ഖേദവും' പ്രകടിപ്പിച്ചു. യുദ്ധവിരാമത്തെ എതിര്‍ക്കുന്ന സമീപനം അന്യായമാണെന്നും അതിനു കൊണ്ട് വരുന്ന ന്യായങ്ങള്‍ ദുര്‍ബലമാണെന്നും അംബാസഡര്‍ ഴാങ് ജൂണ്‍ ചൂണ്ടിക്കാട്ടി. 'ഒരിക്കല്‍ കൂടി അമേരിക്കയുടെ ഇരട്ടത്താപ്പ് പുറത്തു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.