ബെംഗ്ലൂരു / ന്യൂഡൽഹി - ജെ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവഗൗഡ. പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സമാന്തര ദേശീയ കൺവെൻഷൻ വിളിച്ചതിനാണ് നടപടിയെന്ന് മുൻ പ്രധാനമന്ത്രി കൂടിയായ എച്ച്.ഡി ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ദേശീയ നിർവാഹക സമിതി യോഗം ചേർന്നാണ് സി.കെ നാണുവിനെ പുറത്താക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എച്ച്.ഡി ദേവഗൗഡയും മകൻ കുമാരസ്വാമിയും പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാതെ ബി.ജെ.പിയുമായി സഖ്യത്തിലായതോടെ പാർട്ടിയിലെ പല മുതിർന്ന നേതാക്കളും കേരളത്തിലെ ജെ.ഡി.എസ് ഘടകം അടക്കമുള്ളവർ ഇതിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ തീരുമാനം പുനപ്പരിശോധിക്കുകയോ ബന്ധപ്പെട്ട ബോഡികൾ വിളിച്ചു ചേർത്ത് വിമർശങ്ങളെ കേൾക്കുവാനോ ദേശീയ പ്രസിഡന്റ് ദേവഗൗഡ തയ്യാറാകാതെ വന്നതോടെയാണ് വൈസ് പ്രസിഡന്റായ സി.കെ നാണു കൺവെൻഷൻ വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. കർണാടകയിലെ ജെ.ഡി.എസ് അധ്യക്ഷനായിരുന്ന സി.എം ഇബ്രാഹിം അടക്കമുള്ളവരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.
സമാന്തര യോഗം വിളിക്കാൻ നാണുവിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയത്. എന്നാൽ കൺവെൻഷൻ തീരുമാനവുമായി മുന്നോട്ടുപോകുമെന്നാണ് സി.എം ഇബ്രാഹിമിനെയും സി.കെ നാണുവിനെയും പിന്തുണയ്ക്കുന്നവരുടെ കേന്ദ്രങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. കേന്ദ്രത്തിൽ ബി.ജെ.പിക്കൊപ്പമുള്ള ജെ.ഡി.എസ് തന്നെയാണ് കേരളത്തിൽ പിണറായി സർക്കാറിനൊപ്പമുള്ള ജെ.ഡി.എസ്. ബി.ജെ.പി ഘടകക്ഷി ഇടത് സർക്കാറിൽ മന്ത്രിയായിരിക്കുന്നത് സംസ്ഥാനത്ത് പാർട്ടിയെയും ഇടതു മുന്നണിയെയും ഏറെ പ്രതിരോധത്തിലാക്കുന്നുണ്ട്. ആയതിനാൽ ഇവ്വിഷയത്തിൽ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ജെ.ഡി.എസ് കേരള നേതൃത്വം.