ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ആളുകളുടെ ചിത്രങ്ങളിലെ വസ്ത്രങ്ങള്‍ മാറ്റി അവരെ നഗ്നരായി കാണാന്‍ കഴിയുന്ന ആപ്പുകളിലേക്ക് ജനങ്ങള്‍ ഇടിച്ചു കയറുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ആപ്പുകളിലൂടെ സ്ത്രീകളെ നഗ്നരായി കാണാനാണ് ഇതിലേക്ക് കയറുന്ന എതാണ്ട് എല്ലാവരും തന്നെ ആഗ്രഹിക്കുന്നത്. ഇത്തരം ആപ്പുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പ്രതിദിനം അതിഭീമമായ വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബറില്‍ മാത്രം ഇത്തരം ആപ്പുകള്‍ സന്ദര്‍ശിച്ചത് 2,40,00,000 പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്കയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇത്തരത്തില്‍ ചിത്രങ്ങള്‍ നഗ്‌നമാക്കുന്ന ആപ്പുകള്‍ തങ്ങളുടെ വിപണി കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നും ഗ്രാഫിക്ക വ്യക്തമാക്കുന്നുണ്ട്. എക്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400 ശതമാനത്തിലധികം വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം നഗ്‌ന ചിത്രങ്ങള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പലപ്പോഴും ഇര ഇതിനെ കുറിച്ച് അറിയുന്നു പോലുമില്ല. നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ മികച്ച ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുവെന്നത് ഇത്തരം ആപ്പുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ ഇടിച്ചു കയറ്റം കണ്ട് ചില ആപ്പുകള്‍ ഇതിലേക്ക് കയറുന്നവരില്‍ നിന്ന് പണം ഈടാക്കി തുടങ്ങിയിട്ടുണ്ട്.