Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇശലുകളുടെ പൊലിമയിൽ സി.വി.എ. കുട്ടി

സി.വി.എ. കുട്ടി, ചെറുവാടി

മാപ്പിളപ്പാട്ടാസ്വാദകർ എന്നും നെഞ്ചേറ്റുന്ന നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ജീവിക്കുന്ന ഗായകനാണ് സി.വി.എ. കുട്ടി, ചെറുവാടി. ഹ്രസ്വ സന്ദർശനാർഥം ദോഹയിലെത്തിയ അദ്ദേഹം തന്റെ സംഗീത ജീവിതത്തിലെ നാൾവഴികളെക്കുറിച്ച് വാചാലനായി. 

ചെറുപ്പത്തിൽ ജന്മനാടായ ചെറുവാടിയിലെ യാഥാസ്ഥിതിക ചുറ്റുപാടിൽ സംഗീത യാത്രയും പാട്ടുകളുമൊന്നും അത്ര എളുപ്പമായിരുന്നില്ല. എങ്കിലും പാട്ടുപാടിയും ചെറിയ ഗാനമേളകൾ നടത്തിയുമൊക്കെ ചെറുപ്രായത്തിൽ തന്നെ സി.വി. എ. കുട്ടി സജീവമായിരുന്നു. സംഗീതത്തോടുള്ള അദമ്യമായ ആഗ്രഹത്താൽ കോഴിക്കോട്ട് നടക്കുന്ന പല പാട്ടുപരിപാടികളും കേൾക്കാൻ പോവുകയും ക്രമേണ ഗാനമേളക്ക് അവസരം നേടിയെടുക്കുകയും ചെയ്തു.

1979 ൽ കാസർകോട്ട് നടന്ന അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തിലൂടെയാണ് സി.വി.എ. കുട്ടി ചെറുവാടി എന്ന ഗായകൻ കൂടുതൽ അറിയപ്പെട്ടത്. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ അന്നത്തെ പ്രഗത്ഭ മാപ്പിളപ്പാട്ട് സംഘങ്ങളായ വി.എം. കുട്ടി ആന്റ് വിളയിൽ ഫസീല, എം.പി. ഉമ്മർ കുട്ടി, കെ.എസ്. മുഹമ്മദ് കുട്ടി, പീർ മുഹമ്മദ്, ഹമീദ് ഷെർവാണി തുടങ്ങിയവരുമായി മാറ്റുരക്കാൻ സാധിച്ചു.
മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളിൽ അരക്കിട്ടുറപ്പിക്കുന്നതിൽ സി.വി.എ. കുട്ടി ചെറുവാടിയുടെ പങ്ക് പ്രധാനമാണ്. 1975 കാല ഘട്ടങ്ങളിൽ തന്നെ മാപ്പിളപ്പാട്ട് രംഗത്ത് കാലുറപ്പിച്ച സി.വി പിന്നീട് ഒട്ടേറെ ഗാനങ്ങൾ മാപ്പിള കലാ കൈരളിക്ക് സമർപ്പിച്ചു. കുട്ടിയും സംഘവും പാടി ഫെയ്മസാക്കിയ 'ഈത്ത പൂത്ത മക്ക ദിക്കിൽ, ഫുർഖാനുൽ അളീമാണ്.. കഅബാ ശരീഫ് കാട്ടീടണേ ... ബഹറിൻ മോജകൾ പൊങ്ങിടുമ്പോൾ തുടങ്ങി നിരവധി ഗാനങ്ങൾ ഇന്നും നിരവധി ചുണ്ടുകളിൽ ജ്വലിച്ചു നിൽക്കുന്നു. ആകാശവാണി കലാകാരൻ എന്ന നിലക്ക് നിരവധി ശ്രദ്ധേയ ഗാനങ്ങളാണ് സി.വി.എ. കുട്ടി ചെറുവാടി ആകാശവാണിയിൽ അവതരിപ്പിച്ചത്.

ആകാശവാണിയിലൂടെ ഒട്ടേറെ ഭക്തിഗാനങ്ങൾ മാപ്പിള കലാകൈരളിക്ക് സമർപ്പിച്ച സി.വിയുടെ ശ്രമ ഫലമായി ഒട്ടേറെ ഗായികമാരും ഗായകരും രചയിതാക്കളും കേരളത്തിൽ ഉദയം ചെയ്തിട്ടുണ്ട്. സ്‌കൂൾ കലോത്സവങ്ങളിലും മറ്റും പാടാൻ അവലംബിക്കാവുന്ന നിരവധി ഗാന സി.ഡികളും ആൽബങ്ങളും സി.വി പുറത്തിറക്കി. ഇന്നും ഈ രംഗത്ത് ഊർജസ്വലതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി.വിയുടെ സേവനം കലാകൈരളിക്ക് മറക്കാനാവില്ല. പാട്ടുകൾ പാടിയും പഠിപ്പിച്ചും സംഗീതത്തിന്റെ വിശാലമായ സൗഹൃദ വലയത്തിൽ വിരാചിക്കുകയെന്നത് ഏറെ സായൂജ്യം നൽകുന്ന സപര്യയായാണ് കുട്ടി കാണുന്നത്.

ആശയ സമ്പുഷ്ടമായ സന്ദേശ പ്രധാനമായ ഗാനങ്ങളാണ് ഈ ഗായകൻ പലപ്പോഴും തെരഞ്ഞെടുക്കുന്നത്. ഈ അനുഗൃഹീത ഗായകന്റെ ശബ്ദത്തിൽ അനശ്വരങ്ങളായ നിരവധി തനത് മാപ്പിളപ്പാട്ടുകളുണ്ട്.
ഒരു മികച്ച ഗായകനും കലാകാരനുമെന്നതിലുപരി നിരവധി പേരെ മാപ്പിളപ്പാട്ട് വേദിയിലേക്ക് കൊണ്ടുവന്ന കലാകാരൻ എന്ന നിലക്കും സി.വി.എ. കുട്ടി ശ്രദ്ധേയനാണ്. പാഴൂർ കരീം, മുക്കം സാജിത, റുബീന ഖാലിദ്, ഹുസ്ന അഴിയൂർ, ഷഹനാസ് കടവത്തൂർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്.

ആദ്യമായി സംവിധാനം ചെയ്ത കാസറ്റ് 1985 ൽ ഇറങ്ങിയ സുൽത്താന എന്ന കാസറ്റാണ്. ഫിറോസ് ബാബുവിനൊപ്പം ഖൈറുൽ വറായ സയ്യിദീ .....എന്ന ഗാനം പാടി, ഇതേ കാസറ്റിലെ മുത്ത് മെഹബൂബെ .....അരികില് വന്നോട്ടെ ... കിളിയേ... കിളിയേ... പനങ്കിളിയേ എന്നീ ഗാനങ്ങൾ ഫിറോസ് ബാബുവിനും സിബല്ലക്കും മാപ്പിളപ്പാട്ടു വഴിയിൽ വഴിത്തിരിവുണ്ടാക്കി.
കേരളത്തിന്നകത്തും പുറത്തും നിരവധി വേദികളിൽ മാപ്പിള ഗാനമേളകൾ അവതരിപ്പിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലടക്കം നിരവധി മത്സര വേദികളിൽ ജൂറി അംഗമായ സി.വി.എ. കുട്ടി ചെറുവാടി ഗായകനായും ഗാനരചയിതാവായും മാപ്പിളപ്പാട്ട് രംഗത്തെ തിളങ്ങുന്ന പ്രതിഭയാണ്.
മർഹൂം സി.എച്ച്. മുഹമ്മദ് കോയ സാഹിബിനെ കുറിച്ച് ബാപ്പു വെള്ളിപറമ്പ് രചിച്ച് സി.വി.എ. കുട്ടിയും സംഘവും പാടിയ സി.എച്ച് അനുസ്മരണം എന്ന കാസറ്റ് ഏറെ ഹിറ്റായിരുന്നു.

ചെറുവാടി മർഹൂം സി.വി. മുഹമ്മദ് ഹാജി, ഉമ്മു സൽമ ഹജുമ്മ ദമ്പതികളുടെ പത്ത് മക്കളിൽ രണ്ടാമനായ സി.വി.എ. കുട്ടി കലാരംഗത്തെ പ്രവർത്തനങ്ങളോടൊപ്പം അധ്യാപകനായും ജീവിതം മനോഹരമാക്കി. അദ്ദേഹത്തിന്റെ സഹധർമിണി ഖദീജയും മകൻ ഡോ. അനീസ് അഹ്മദും അറബി അധ്യാപകരാണ്. മകൾ ആബിദ അഹമ്മദ് ഖത്തറിലെ അൽ വഖ്‌റ ഹോസ്പിറ്റലിൽ ഉദ്യോഗസ്ഥയാണ്. ഗായികയായ മകൾ അമീന സുൽത്താന നഴ്സിംഗിന് പഠിക്കുന്നു.

Latest News