സ്മാർട്ട് ബ്രെയിൻ സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുകയാണെന്നും 2040 ഓടെ ആളുകൾക്ക് മനസ്സ് കൊണ്ട് അവരുടെ സ്മാർട്ട് ഉപകരണങ്ങളെ നിയന്ത്രിക്കാനാകുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. ഫോൺ, കംപ്യൂട്ടർ, റോബോട്ടിക് അവയവങ്ങൾ തുടങ്ങിയ സ്മാർട്ട് ഉപകരണങ്ങളെ മനുഷ്യ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന ടെക്‌നോളജിയാണ് സ്മാർട്ട് ബ്രെയിൻ അഥവാ ബ്രെയിൻ മെഷീൻ ഇന്റർഫേസ് (ബി.എം.ഐ). ശരീരത്തിനകത്ത് ഘടിപ്പിക്കാവുന്നതോ പുറത്ത് ധരിക്കാവുന്നതോ ആയ ഉപകരണമാണ് സ്മാർട്ട് ബ്രെയിൻ മെഷീൻ.
മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള അതിർവരമ്പുകളാണ് അതിവേഗം ഇല്ലാതാകുന്നത്. പുതിയ സാങ്കേതിക വിദ്യയിലൂടെ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും ടെക്‌സ്റ്റുകൾ അയക്കാനും തെർമോസ്റ്റാറ്റുകൾ ക്രമീകരിക്കാനുമൊക്കെ ആളുകൾ മനസ്സിൽ വിചാരിച്ചാൽ മതി.
മനസ്സ് കൊണ്ട് നിയന്ത്രിക്കാവുന്ന ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ഗവേഷണം അടുത്തുകൊണ്ടിരിക്കയാണെന്ന് ന്യൂ സൗത്ത് വെയിൽസ് യൂനിവേഴ്‌സിറ്റിയിലെ ബയോമെഡിക്കൽ എൻജിനീയറിംഗ് വിദഗ്ധൻ മോഹിത് ശിവ്ദാസാനി പറയുന്നു. വെറുമൊരു ശാസ്ത്ര ഭാവന എന്നതിൽനിന്ന് ദൈനംദിനം ഇവ യാഥാർത്ഥ്യമായി മാറുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ലാബിന് പുറത്ത് മസ്തിഷ്‌ക മെഷീൻ ഇന്റർഫേസുമായി ഒരാൾ നടക്കുന്നത് കാണാൻ ഇനി അധികം താമസമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നമുക്ക് ചുറ്റും കംപ്യൂട്ടറുകളുണ്ട്. അവ നമ്മുടെ പോക്കറ്റിലുമുണ്ട്. നമ്മൾ പോകുന്നിടത്തെല്ലാം കൊണ്ടുപോകുകയും ചെയ്യുന്നു. പക്ഷേ ഈ സാങ്കേതിക വിദ്യകൾ തലച്ചോറുമായി നേരിട്ട് സംയോജിപ്പിച്ച് ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതു തന്നെ ഇപ്പോൾ വളരെ അത്ഭുതകരമാണ്.
തളർവാത രോഗികളായ രണ്ട് പേരിലുള്ള പരീക്ഷണം വിജയത്തിലെത്തിയതോടെയാണ് ഇനി ആളുകൾക്ക് സ്മാർട്ട് ഉപകരണങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷ വർധിച്ചത്.
പരീക്ഷണം പൂർത്തിയാകുന്നതോടെ വികലാംഗർക്ക് മനസ്സ് നിയന്ത്രിത ഉപകരണങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷണത്തിൽ പ്രത്യേക തരം തളർവാതം ബാധിച്ച ഒരാൾക്ക് മനസ്സിൽ വിചാരിച്ചുകൊണ്ട് റോബോട്ടിക് കൈയെ നിയന്ത്രിക്കാൻ കഴിഞ്ഞു. മറ്റൊരാൾക്ക് മനസ്സിൽ വിചാരിച്ചുകൊണ്ട് കംപ്യൂട്ടർ സ്‌ക്രീനിൽ കഴ്‌സർ നീക്കാനും ഇമെയിൽ വായിക്കാനും കഴിഞ്ഞു
-അദ്ദേഹം പറഞ്ഞു.
തലച്ചോറിൽനിന്ന് കൈകാലുകളിലേക്കുള്ള സിഗ്‌നലുകൾ അൺബ്ലോക്ക് ചെയ്താണ് സാങ്കേതികവിദ്യ പ്രവർത്തിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
മസ്തിഷ്‌കത്തിന് സിഗ്‌നലുകൾ അയയ്ക്കാൻ കഴിയുന്ന സാഹചര്യങ്ങളുണ്ടെങ്കിലും ആ സിഗ്‌നലുകൾ വ്യക്തിക്ക് സ്വയം നടക്കാനാകുന്ന തരത്തിൽ കൈകാലുകളിൽ എത്തിപ്പെടില്ല. ഇവിടെയാണ് ആ ദൗത്യം ഒരു മസ്തിഷ്‌ക മെഷീൻ ഇന്റർഫേസ് നിർവഹിക്കുന്നത്. ചിന്തകൾ വായിച്ച് അവയെ പ്രവർത്തനമാക്കി മാറ്റുകയാണ് യന്ത്രം ചെയ്യുന്നത്
-അദ്ദേഹം വിശദീകരിച്ചു.
അന്ധരായ ആളുകൾക്കായി സ്മാർട്ട് ബ്രെയിൻ ബയോണിക് കണ്ണുകളും വിട്ടുമാറാത്ത വേദന അനുഭവിക്കുന്നവർക്കായി മറ്റു ഉപകരണങ്ങളുമാണ് വികസിപ്പിക്കുന്നത്. സ്മാർട്ട് ബ്രെയിനുകൾ വ്യാപകമായി ഉപയോഗിക്കുന്നതോടെ ജീവിത നിലവാരത്തെ ബാധിക്കുന്ന വ്യത്യസ്ത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവർക്ക് അത് ഗണ്യമായി സഹായമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
അന്ധരായ രോഗികളുമായി ഒരുപാട് ചാറ്റ് ചെയ്തിട്ടുണ്ട്. ഒരു ബയോണിക് കണ്ണിൽ നിന്ന് അവർക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കുമ്പോൾ അവർ പറയും: എനിക്ക് എന്റെ കുടുംബത്തെ കാണണം.
ഒരു സ്ത്രീയുമായുള്ള ഒരു സംഭാഷണം കൂടി അദ്ദേഹം അനുസ്മരിച്ചു. ലക്ഷ്യത്തിലേക്കുള്ള ചിഹ്നം വീണ്ടും കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് അവർ പറഞ്ഞത്. ഷോപ്പിംഗ് സെന്ററിലേക്ക് പോകുമ്പോൾ ഓരോ ലക്ഷ്യസ്ഥാനവും വളരെ എളുപ്പത്തിൽ കാണാൻ കഴിയണം.
ഒരു എൻജിനീയർ എന്ന നിലയിൽ ഞാൻ ഒരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, പക്ഷേ അത് വളരെ പ്രധാനപ്പെട്ടതായിരിക്കും -മോഹിത് ശിവ്ദാസാനി പറഞ്ഞു.
ടെലിഹെൽത്ത് പോലുള്ള കണക്ടഡ് ആരോഗ്യത്തിന്റെ ഭാവിയെ സ്മാർട്ട് ബ്രെയിനുകൾ വലിയ തോതിൽ സഹായിക്കുമെന്നാണ് യുഎൻഎസ്ഡബ്ല്യൂ പിഎച്ച്.ഡി വിദ്യാർഥി ക്ലയർ ബ്രിഡ്ജസ് അഭിപ്രായപ്പെടുന്നത്. കോവിഡിനൊപ്പം, ടെലിഹെൽത്തിന്റെ ആവശ്യകതയിലും വ്യവസ്ഥയിലും വലിയ മാറ്റമാണ് ദൃശ്യമായത്. അവിശ്വസനീയമാം വിധമാണ് ഇത് ആളുകൾക്ക് പ്രയോജനപ്പെട്ടത്. ഒരു ക്ലിനിക്കിൽ എത്തിച്ചേരാനോ നേരിട്ട് പരിശോധനക്ക് വിധേയരാകാനോ കഴിയാത്ത ആളുകൾക്ക് ആരോഗ്യ പരിരക്ഷ നൽകാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിന് ധരിക്കാവുന്നതും ഘടിപ്പിക്കാവുന്നതുമായ മനോനിയന്ത്രിത ഉപകരണങ്ങൾ ഉപയോഗിക്കാമെന്ന് അവർ വിശദീകരിച്ചു.
സ്മാർട്ട് ബ്രെയിൻ വാച്ചുകളും ശരീരത്തിൽ ഘടിപ്പിച്ച ഗ്ലൂക്കോസ് മോണിറ്ററുകളും സെൻസറുകളും ഡോക്ടർമാർ രോഗികളുമായി ആശയവിനിമയം നടത്തുന്ന രീതിയിൽ തന്നെ വലിയ മാറ്റം കൊണ്ടുവരുമെന്ന് അവർ പറഞ്ഞു.
ഇത്തരത്തിലുള്ള ഉപകരണങ്ങൾക്ക് അവ ധരിക്കുന്ന വ്യക്തിയെ തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ വലിയ അളവിലുള്ള ഡാറ്റ ശേഖരിക്കാൻ കഴിയും. നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്) യാണ് ഇതിന് വലിയ സഹായമായി മാറുക. വലിയ ഡാറ്റകൾ വിശകലനം ചെയ്ത് പ്രസക്തമായ ആരോഗ്യ വിവരങ്ങൾ തിരിച്ചറിയുകയും അത് രോഗിയെ ചികിത്സിക്കുന്ന ക്ലിനിക്കിന് അയയ്ക്കുകയും ചെയ്യുന്നു -അവർ കൂട്ടിച്ചേർത്തു.
ആളുകൾക്ക് അസുഖം വരുമ്പോൾ ഡോക്ടർമാർക്ക് തത്സമയം ഇടപെടാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ കാര്യമെന്നും അവർ പറഞ്ഞു.
ഇത് രക്തത്തിലെ ഹോർമോൺ സ്രവങ്ങളും ന്യൂറോ ട്രാൻസ്മിറ്റർ പ്രശ്‌നങ്ങളുമൊക്കെ നേരത്തെ കണ്ടെത്താനും രോഗനിർണയം നടത്താനും സഹായകമാകും. അതുവഴി ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതൽ ഫലപ്രദമായ പ്രതിരോധം നേടാനാകും
-അവർ വിശദീകരിച്ചു.
ഓസ്‌ട്രേലിയക്കാർ അവരുടെ ജീവിതത്തിൽ ശരാശരി 11 വർഷത്തോളം മോശം ആരോഗ്യാവസ്ഥയിലാണ് ജീവിക്കുന്നത്. എന്നാൽ ബയോമെഡിക്കൽ സാങ്കേതികവിദ്യ പുരോഗമിക്കുമ്പോൾ ചികിത്സയിലും മരുന്ന് വിതരണത്തിലുമൊക്കെ പുരോഗതിയുടെ ധാരാളം അവസരങ്ങളാണ് കാണുന്നത്.