ഹൈദരാബാദ് - തെലങ്കാന മുഖ്യമന്ത്രിയായി കോൺഗ്രസിലെ എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെ ഔദ്യോഗിക വസതിയുടെ പേര് മാറ്റി. പ്രജാഭവൻ എന്നാണ് പുതിയ പേര്. ഇത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലുള്ള ബാരിക്കേഡുകളും നീക്കി. ഹൈദരാബാദിലെ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവും ദലിത് നേതാവുമായ മല്ലു ഭട്ടി വിക്രമാർക്കെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തെലങ്കാന മുൻ പി.സി.സി പ്രസിഡന്റ് എൻ ഉത്തംകുമാർ റെഡ്ഡി, രണ്ടു വനിതാ മന്ത്രിമാർ അടക്കം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബി.ആർ.എസിന്റെ ആനന്ദ് മേതുകു, ബി.ജെ.പിയുടെ പി നവീൻകുമാർ എന്നിവരെ പരാജയപ്പെടുത്തി വിസറാബാദിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗദ്ദം പ്രസാദ് കുമാറായിരിക്കും പുതിയ നിയമസഭാ സ്പീക്കർ. 20214-ലെ തെലങ്കാന രൂപീകരണത്തിനുശേഷം ഇതാദ്യമായാണ് ഇവിടെ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയത്.