ഹൈദരാബാദ് - തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. മുൻ നിയസമഭാ കക്ഷി നേതാവ് ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായും രണ്ടു വനിതകൾ ഉൾപ്പെടെ മറ്റു 11 പേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് 1.15ഓടെ തെലങ്കാന ഗവർണർ തമഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങി കോൺഗ്രസ് ദേശീയ നേതൃനിര പൂർണമായും ഇന്ത്യ മുന്നണിയിലെ വിവിധ നേതാക്കളും ഹൈദരാബാദ് ലാൽ ബഹദൂർ സ്റ്റേഡിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ഇന്ത്യാ മുന്നണിയിലെ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ തുടങ്ങിവയുടെ നേതാക്കളും പങ്കെടുത്തു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് കോൺഗ്രസ് ടി.ആർ.എസിനെ തറപറ്റിച്ച് 119ൽ 64 സീറ്റുമായി മിന്നും നേട്ടത്തോടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.
ഉത്തംകുമാർ, ദുഡ്ഡില ശ്രീധർ ബാബു, ജുപ്പള്ളി കൃഷ്ണറാവു, ദാമോദർ രാജ നരസിംഹ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, അനസൂയ സീതാക്ക, പൊന്നം പ്രഭാകർ, ശ്രീധർ ബാബു, തുമ്മല നാഗേശ്വർ റാവു, കൊണ്ട സുരേഖ, കൃഷ്ണ പൊങ്കുലേട്ടി എന്നി 11 പേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അനസൂയ സീതാക്ക, കൊണ്ട സുരേഖ എന്നിവരാണ് രേവന്ത് മന്ത്രിസഭയിലെ വനിതാ പ്രതിനിധികൾ.