ന്യൂദൽഹി- പോലീസും കേന്ദ്ര ഏജൻസികളും വ്യക്തികളുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ രൂപവത്കരിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തിൽ വിമർശനം ഉന്നയിച്ചത്. നോട്ടീസ് അയച്ച് രണ്ട് വർഷമായിട്ടും കേന്ദ്രം മാർഗ നിർദേശങ്ങൾ തയ്യാറാക്കിയില്ലെന്ന് ബഞ്ച് പറഞ്ഞു. മാർഗ നിർദേശങ്ങൾ തയ്യാറാക്കുന്നതിന് സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ കേന്ദ്ര സർക്കാരിന് കൂടുതൽ സമയം ആവശ്യമാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വി. രാജു ബഞ്ചിനെ അറിയിച്ചു. എന്നാൽ, വിഷയത്തിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ട് രണ്ട് വർഷമായിയെന്ന് ബഞ്ച് പറഞ്ഞു. സമയപരിധി പാലിക്കേണ്ടതുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വി രാജുവിനെ ബഞ്ച് ഓർമിപ്പിച്ചു. കോടതി എപ്പോഴാണ് നോട്ടീസ് നൽകിയത്? രണ്ട് വർഷം കഴിഞ്ഞു. കുറച്ച് സമയപരിധി പാലിക്കേണ്ടതുണ്ട് ജസ്റ്റിസ് കൗൾ പറഞ്ഞു. പോലീസും അന്വേഷണ ഏജൻസികളും ഡിജിറ്റൽ ഉപകരണങ്ങൾ തിരയുന്നതിനും പിടിച്ചെടുക്കുന്നതിനും മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പൊതുതാൽപ്പര്യ ഹരജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്. അഞ്ച് അക്കാദമിക് വിദഗ്ധരും ഗവേഷകരും അടങ്ങുന്ന ഒരു സംഘവും ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് എന്ന സംഘടനയുമാണ് ഹരജികൾ നൽകിയത്. നേരത്തെ വിഷയത്തിൽ കേന്ദ്രസർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലം അപൂർണ്ണമാണെന്നും തൃപ്തികരമല്ലെന്നും ബഞ്ച് നിരീക്ഷിച്ചിരുന്നു. പിന്നീട് മറുപടി ഫയൽ ചെയ്യാത്തതിന് സർക്കാറിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ ഹരജിക്കാരെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ ഹാജരായി. മാർഗ നിർദ്ദേശങ്ങൾ രൂപവത്കരിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് നിത്യ രാമകൃഷ്ണൻ ചൂണ്ടികാണിച്ചു. ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട വിഷയം അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. ഇതോടെ മാർഗനിർദ്ദേശങ്ങൾ അടുത്ത ആഴ്ചയോടെ തയ്യാറാകുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകി. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.