Sorry, you need to enable JavaScript to visit this website.

രൺജി പണിക്കർക്കെതിരായ തീയേറ്റർ വിലക്ക് നീക്കി ഫിയോക്ക്

കൊച്ചി - നടനും സംവിധായകനുമായ രൺജി പണിക്കർക്കെതിരായ അപ്രഖ്യാപിത വിലക്ക് നീക്കി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. രൺജി പണിക്കർ തീയേറ്ററുകൾക്ക് നൽകാനുള്ള കുടിശിക തീർക്കുന്നത് സംബന്ധിച്ച് പരസ്പരം ധാരണയിലെത്തിയതോടെയാണിത്.
 രൺജി പണിക്കർ പങ്കാളിയായ സിനിമ നിർമാണ വിതരണക്കമ്പനി വൻ തുക കുടിശിക നൽകാനുണ്ടെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഫിയോക്ക് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നൽകിയെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. ലേലം 2 ഉൾപ്പെടെ പുതിയ പ്രോജക്ടുകളുടെ പേരിൽ 40 ലക്ഷത്തോളം രൂപ തീയേറ്ററുകളിൽ നിന്ന് അഡ്വാൻസ് വാങ്ങിയെങ്കിലും വർഷങ്ങളായിട്ടും പ്രൊജക്ടുകൾ നടപ്പാകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നും ആരോപണമുണ്ടായിരുന്നു. 
 തുടർന്നാണ് മാസങ്ങൾക്കു മുമ്പ് ചേർന്ന യോഗത്തിൽ രൺജി പണിക്കരെ വിലക്കാൻ തീയേറ്റർ ഉടമകൾ ആലോചിച്ചത്. ശേഷം ഈയിടെ കുടിശിക തീർക്കാതെ രൺജി പണിക്കരുമായി സഹകരിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. തർക്കത്തിൽ ഇരുകൂട്ടരും പരസ്പരം ധാരണയായതോടെ രൺജി പണിക്കർ അഭിനയിച്ച പുതിയ ചിത്രമായ 'എ രഞ്ജിത്ത് സിനിമ'യുടെ റിലീസ് പ്രതിസന്ധിയും നീങ്ങിയതായാണ് വിവരം.
 

Latest News