വിവാഹബന്ധം വേർപ്പെടുത്തുകയാണെന്ന് അറിഞ്ഞതോടെ പ്രതീക്ഷിക്കാത്തവരിൽനിന്ന് തനിക്ക് മോശം അനുഭങ്ങളുണ്ടായെന്ന് ബിഗ് ബോസ് മുൻ താരവും നടിയുമായ സജ്‌ന. ഫിറോസ് തന്റെ കൂടെ ഇല്ലാത്താതിനാൽ പലരും തന്നോട് മോശമായി പെരുമാറുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽനിന്നുവരെ മോശം അനുഭവമുണ്ടായെന്ന് നടി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
'ഒരുമിച്ച് ഇത്രയും നാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞാൻ ഡിവോഴ്‌സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവമുണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്.
സീരിയലിന്റെ സമയത്ത് നിന്നിരുന്നത് ഞാൻ ആ വീട്ടിലായിരുന്നു. അത്രയും ബന്ധമുള്ള കുടുംബമായിരുന്നു. അയാൾ ഒരു പരിപാടിക്കിടെ എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. പുറകിൽ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാൻ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാൻ തുടങ്ങി. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. പെട്ടന്ന് ഞാൻ കുതറി മാറി. എന്റെ സുഹൃത്തുക്കളും ഇടപെട്ടു. അവരും ഇത് കണ്ടിരുന്നു. ഞാൻ അയാളോട് അവിടെ നിന്നും പോകാൻ പറഞ്ഞു. അത് ഭയങ്കര ഷോക്കിങ് ആയിരുന്നുവെന്നും ഞാൻ കുറേ കരഞ്ഞുവെന്നും വിവാഹ ബന്ധം വേർപ്പെടുത്താൻ തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും എന്നാൽ ഇക്കാര്യം മക്കൾക്ക് അറിയില്ലെന്നും ഫിറോസ് ഷൂട്ടിന് പോയെന്നാണ് അവരോട് പറഞ്ഞതെന്നും സജ്‌ന പറഞ്ഞു.
വിവാഹബന്ധം വേർപ്പെടുത്തി; മക്കൾക്ക് അറിയില്ലെന്നും സജ്‌ന നൂർ
ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരജോഡികളായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വിവാഹബന്ധം വേർപ്പെടുത്തിയതായി വെളിപ്പെടുത്തൽ. പരസ്പര സമ്മതപ്രകാരം വിവാഹമോചിതരായിരിക്കുകയാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്‌ന വെളിപ്പെടുത്തി.
ബന്ധം വേർപ്പെടുത്താൻ കാരണം മോഡലായ ഷിയാസ് കരീമാണെന്ന് പറയുന്നത് തെറ്റാണെന്നും ഞാനും ഫിറോസും വേർപിരിഞ്ഞ വിവരം മക്കൾക്ക് അറിയില്ലെന്നും ഫിറോസ് ഷൂട്ടിന് പോയെന്നാണ് അവരോട് പറഞ്ഞതെന്നും സജ്‌ന ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
'പറയാനുള്ളത് കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് പറയാൻ പോകുന്നതെന്ന' മുഖവുരയോടെയാണ് സജ്‌ന കാര്യങ്ങൾ തുറന്നുപറയുന്നത്.
ഞാനും ഫിറോസിക്കയും ഡിവോഴ്‌സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂച്ചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്‌സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്. ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. വിഷമമുണ്ട്. ഒരുമിച്ച് ഇത്രയും നാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്.
വേർപിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞുവെന്ന് അറിയില്ല. മക്കൾ എന്റെ ഉമ്മയ്‌ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാൻ വരാറുണ്ട്. വീട്ടിലിപ്പോൾ ഉമ്മയും മക്കളും മാത്രം. ഇപ്പോൾ സജ്‌ന ഫിറോസ് അല്ല സജ്‌ന നൂർ എന്നാണ്. നൂർ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂർ എന്നത്. ഞങ്ങൾ ഒന്നിച്ചുപണിത വീട് ഇപ്പോഴും രണ്ട് പേരുടെയും പേരിലാണ്. വരുന്ന വരുമാനത്തിന് അനുസരിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. ആ വീടുമായി ബന്ധപ്പെട്ട് ഒരാളുടെയും പണം ഞങ്ങൾ പറ്റിച്ചിട്ടില്ല. ആ വീട് ഇപ്പോഴും ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ തന്നെയാണ്. ഒന്നുകിൽ അത് ഞങ്ങളിലൊരാൾ എടുക്കും, അല്ലെങ്കിൽ വിൽക്കും.
ഞങ്ങൾ പിരിയാൻ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യത്താലാണ്. എല്ലാവരും പുറമെ നിന്ന് കാണുന്നതൊന്നും ആയിരിക്കില്ല ഒരാളുടെ ജീവിതം. ഞങ്ങളുടെ ഇടയിൽ മൂന്നാമതൊരാൾ വന്നെന്നോന്നും കരുതരുത്. അതൊന്നുമല്ല, ഞങ്ങൾ തമ്മിലുണ്ടായ ചില അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണം. ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലർ എന്തോ പറയുന്നുണ്ട്. അത് ഇപ്പോൾ വരുന്ന ചില റീൽസ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേർപിരിയലിൽ ഷിയാസിന് യാതൊരു ബന്ധവും ഇല്ല. ഷിയാസിനെ ഞാൻ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്‌നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. ഫിറോസ് ചില വീഡിയോ ഇടുന്നുണ്ടല്ലോ എന്താണ് കാരണം എന്നൊക്കെ. ഞാൻ ഇക്കയെ വിളിച്ചു പറഞ്ഞു, 'ഇക്ക നമ്മൾ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണ്. അതുകൊണ്ട് ആളുകളെക്കൊണ്ടു മോശം പറയിക്കുന്ന രീതിയിൽ പെരുമാറരുതെന്ന്'.- അവർ പറഞ്ഞു.