Sorry, you need to enable JavaScript to visit this website.

ഏറ്റവും കൂടുതല്‍ കൊലപാതകം നടക്കുന്നത് യു.പിയില്‍, ഒട്ടുമില്ലാത്തത് ലക്ഷദ്വീപില്‍

ന്യൂദല്‍ഹി - രാജ്യത്ത് പ്രതിദിനം ശരാശരി 78 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3491 കേസുകളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ രജിസ്റ്റര്‍ ചെയ്തത്.
നരഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 28,522 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020ലെയും 21ലെയും കണക്കുകളെക്കാള്‍ കുറവാണിത്.
ബീഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് കൊലപാതകങ്ങള്‍ക്ക് തൊട്ട്പിന്നില്‍. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്ത കൊലപാതക കേസുകളുടെ 43.92 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. കൊലപാതകങ്ങളില്‍ 9962 എണ്ണവും തര്‍ക്കങ്ങള്‍ കാരണം ഉണ്ടാകുന്നതാണ്. 3761 എണ്ണം വ്യക്തി വൈരാഗ്യം കൊണ്ടും 1884 എണ്ണം സ്വത്ത് തര്‍ക്കങ്ങളുടെ പേരിലുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് കൊലപാതകങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് സിക്കിമിലാണ്. ഒന്‍പത് കേസുകളാണ് സിക്കിമില്‍ രജിസ്റ്റര്‍ ചെയ്തത്. നാഗാലാന്‍ഡ്, മിസോറം, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളാണ് കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ രാജ്യതലസ്ഥാനമായ ദല്‍ഹിയിലാണ് കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ലക്ഷദ്വീപില്‍ കഴിഞ്ഞ വര്‍ഷം ഒരു കൊലപാതക കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

Latest News