ഐസ്വാൾ - മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മിസ്സോറാം നാഷണൽ ഫ്രണ്ടിന് കനത്ത തിരിച്ചടി. സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ് പി.എം) തരംഗം ആഞ്ഞുവിശിയ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം പരാജയപ്പെട്ടു.
എം.എൻ.എഫ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ സോറംതങ്ക ഐസ്വാൾ ഈസ്റ്റ് ഒന്നിൽ 2101 വോട്ടുകൾക്ക് സോറം പീപ്പിൾസ് മൂവ്മെന്റ് സ്ഥാനാർത്ഥിയായ ലാൽതൻസങ്കയോട് പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രി തവൻലൂയും സെഡ് പി.എമ്മിലെ ഛുവാനോമയോട് 909 വോട്ടുകൾക്ക് അടിയറവ് പറഞ്ഞു.
സെർച്ചിപ്പ് മണ്ഡലത്തിൽ സെഡ് പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമ മിന്നും വിജയം നേടി. മികച്ച മുന്നേറ്റം നടത്തുന്ന സെഡ് പി.എം, മന്ത്രിസഭ രൂപീകരിക്കാൻ എം.എൽ.എമാരുടെ യോഗം നാളെ ചേരുമെന്നും ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് ഭരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
40 സീറ്റുള്ള സംസ്ഥാനത്ത് 27 സീറ്റുകളാണ് സെഡ് പി.എം ഉറപ്പിച്ചത്. 26 സീറ്റ് സ്വന്തമായുണ്ടായിരുന്ന ഭരണകക്ഷിയായ എം.എൻ.എഫ് മുന്നേറ്റം പത്ത് സീറ്റുകളിലൊതുങ്ങിയപ്പോൾ കഴിഞ്ഞവർഷം അഞ്ചു സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് ഒന്നും ഒരു സീറ്റുണ്ടായിരുന്ന ബി.ജെപി.യ്ക്ക് രണ്ടും സീറ്റുകളിലാണ് ലീഡ് ചെയ്യാനാകുന്നത്. കോൺഗ്രസും എം.എൻ.എഫും മാറിമാറി ഭരിച്ച സംസ്ഥാനത്ത് സെഡ് പി.എം ആദ്യമായാണ് അധികാരത്തിലേറുന്നത്. 2017-ലാണ് ഈ പാർട്ടി രൂപീകരിച്ചത്.