മെലാക്ക്- പസഫിക് സമുദ്രത്തില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ 26കാരി മരിച്ചു. കാലില്‍ ഗുരുതരമായി കടിയേറ്റതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണം.
മാന്‍സാനില്ലോ തുറമുഖത്തിന് പടിഞ്ഞാറ് വശത്തുള്ള മെലാക്കിലെ ബീച്ചില്‍ നിന്ന് അല്‍പം അകലെയാണ് സംഭവമെന്ന് പ്രാദേശിക സിവില്‍ ഡിഫന്‍സ് ഓഫീസ് മേധാവി റാഫേല്‍ അരൈസ പറഞ്ഞു. അടുത്തുള്ള പട്ടണത്തിലെ താമസക്കാരിയാണ് കൊല്ലപ്പെട്ട യുവതി.
യുവതി തന്റെ അഞ്ച് വയസ്സായ മകളോടൊപ്പം ഫ്‌ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് നീന്തുകയായിരുന്നു. കടല്‍ത്തീരത്ത് നിന്നും ഏകദേശം 25 മീറ്റര്‍ അകലെയുള്ള ഫ്‌ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് കുട്ടിയെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയെ സ്രാവ് കടിച്ചത്. പരിക്കുകളില്ലാതെ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
രക്ഷാപ്രവര്‍ത്തകര്‍ പെട്ടെന്ന് തന്നെ എത്തിയെങ്കിലും കാലില്‍ കടിയേറ്റ യുവതി അമിത രക്തസ്രാവം മൂലം മരിക്കുകയായിരുന്നുവെന്ന് റാഫേല്‍ അരൈസ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ മെലാക്ക്, ബാര ഡി നവിദാദ് ബീച്ചുകള്‍ അധികൃതര്‍ അടച്ചു.
മെക്‌സിക്കോയില്‍ താരതമ്യേന സ്രാവുകളുടെ ആക്രമണം കുറവാണ്. 2019ല്‍ ബജാ കാലിഫോര്‍ണിയ സുര്‍ തീരത്തെ മഗ്ദലീന ഉള്‍ക്കടലില്‍ യുഎസ് മുങ്ങല്‍ വിദഗ്ധന്റെ കൈത്തണ്ടയില്‍ സ്രാവ് കടിച്ചെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.