(ഭഗൽപൂർ) പാറ്റ്ന - വിവാഹ ചടങ്ങുകൾക്കിടെ വരന് മാലയിട്ട് വധു കാമുകനൊപ്പം ഒളിച്ചോടി. വരനാകട്ടെ വിവാഹിതനാകാതെ വീട്ടിലേക്കില്ലെന്ന ദൃഢനിശ്ചയത്തിൽ വിവാഹപ്പന്തലിൽ വച്ചുതന്നെ മറ്റൊരു യുവതിക്കു താലി ചാർത്തി. ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ കജ്റൈലിയിൽ താമസിക്കുന്ന പദ്ദു ഷായുടെ മകൻ പ്രകാശ് ഷായുടെ വിവാഹ ചടങ്ങിലാണ് ട്വിസ്റ്റുകൾ നിറഞ്ഞത്.
സൻഹൂലയിൽ നിന്നുള്ള യുവതിയുമായായിരുന്നു പ്രകാശ് ഷായുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിവസം ഇരുവീട്ടുകാരും ചടങ്ങുകൾക്കായി നേരത്തെ എത്തുകയും വിവാഹ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. വധുവും വരനും പരസ്പരം മാല അണിയിച്ച് വിവാഹ ഫോട്ടോകളും എടുത്തു. പക്ഷേ, തൊട്ടുപിന്നാലെ മംഗളസൂത്രം, സിന്ദൂരം എന്നിവ ഉൾപ്പെടുന്ന മറ്റ് ചടങ്ങുകൾ ബാക്കിനിൽക്കെ, ഇരു കുടുംബാംഗങ്ങളെയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെയുമെല്ലാം സാക്ഷിയാക്കി വധു വിവാഹപ്പന്തലിൽനിന്നും ഇറങ്ങി കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു.
ഇതോടെ വരനും വീട്ടുകാരും രോഷാകുലരായി. വധുവില്ലാതെ വീട്ടിലേക്ക് പോകുന്നത് അപമാനകരമാണെന്ന് പറഞ്ഞ അവർ മടങ്ങാൻ തയ്യാറാകാതെ വിവാഹ പന്തലിൽ തന്നെ നിന്നു. ഒടുവിൽ വിവാഹത്തിനെത്തിയ കഹൽഗാവിൽ നിന്നുള്ള ഒരു പെൺകുട്ടിയെ അതെ വിവാഹപ്പന്തലിൽ വച്ചുതന്നെ വരന്റെ വീട്ടുകാർ കണ്ടെത്തി. ശേഷം പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് തൊട്ടടുത്തുള്ള നാഥ്നഗറിലെ മനസ്കമന നാഥ് ക്ഷേത്രത്തിൽ വച്ച് ഇരുവരും അന്നേദിവസം വിവാഹിതരാവുകയായിരുന്നു. പിറ്റേന്ന് രജിസ്ട്രേഷൻ നടപടികളും പൂർത്തീകരിച്ചതായി കുടുംബം അറിയിച്ചു. സംഭവത്തിൽ ഇതുവരെയും ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.