ഈ സീസണിൽ തരംതാഴ്ത്തൽ ഒഴിവാക്കണം, ഓഗസ്റ്റിൽ പുതിയ സീസൺ ആരംഭിക്കുമ്പോൾ അതായിരുന്നു ജിരോണയുടെ ലക്ഷ്യം. സ്പാനിഷ് ലീഗ് ഫുട്ബോൾ 14 റൗണ്ട് പിന്നിടുമ്പോൾ ഈ കൊച്ചു ക്ലബ്ബ് ഒന്നാം സ്ഥാനം പങ്കിടുകയാണ്, കൊലകൊമ്പന്മാരായ റയൽ മഡ്രീഡിനൊപ്പം. കാറ്റലൻ മേഖലയിലെ ഏറ്റവും മികച്ച ക്ലബ്ബ് ഇതുവരെ ബാഴ്സലോണയായിരുന്നു, ഇത്തവണ അത് ജിരോണയാണ്. എല്ലാവരെയും പോലെ ജിരോണയും അമ്പരന്നിരിക്കുകയാണ് ഈ നേട്ടത്തിൽ. തരംതാഴ്ത്തപ്പെട്ടാലുണ്ടായ കനത്ത സാമ്പത്തിക നഷ്ടം ക്ലബ്ബിന്റെ അടച്ചുപൂട്ടലിലേക്ക് വഴിവെച്ചേക്കുമെന്ന് ഭയന്ന ചീഫ് എക്സിക്യൂട്ടീവ് ഇഗ്നാസി മസ്ബാഗ അമ്പരപ്പ് മറച്ചുവെക്കുന്നില്ല. സ്പെയിനിന്റെ വടക്കുകിഴക്കൻ മൂലയിൽ നിന്നുള്ള ഈ കൊച്ചു ക്ലബ്ബ് തുടക്കം മുതൽ റയലിനെയും നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെയുംകാൾ മുന്നിലായിരുന്നു. സീസൺ പൂർത്തിയാവാൻ മൂന്നിൽ രണ്ട് ദൂരം ബാക്കിയുണ്ട്. അതുവരെ ഈ കുതിപ്പ് അവർക്ക് നിലനിർത്താനാവുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച അത്ലറ്റിക് ബിൽബാവോയെ തോൽപിച്ചിരുന്നുവെങ്കിൽ അവർ ഒറ്റക്ക് ഒന്നാം സ്ഥാനത്തുണ്ടാവുമായിരുന്നു.
മഞ്ഞുമൂടിയ പിരനീസ് മലനിരകളുടെ പശ്ചാത്തലത്തിലുള്ള ജിരോണ ഈ സീസണിലെ അദ്ഭുതമാണ്. ഇതൊരു സ്വപ്നം പോലെ തോന്നുന്നുവെന്ന് മസ്ബാഗ പറയുന്നു. ഒന്നാം സ്ഥാനം നിലനിർത്താനായാലും ഇല്ലെങ്കിലും ദീർഘകാല സ്ഥിരതയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
ഏതാനും വർഷം മുമ്പ് ക്ലബ്ബ് പാപ്പരായതായിരുന്നു. 2015 ലാണ് മസ്ബാഗ സി.ഇ.ഒ ആയി ചുമതലയേൽക്കുന്നത്. 2017 ൽ 87 വർഷത്തിനിടയിലാദ്യമായി ക്ലബ്ബ് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടി. തൊട്ടുപിന്നാലെ മാഞ്ചസ്റ്റർ സിറ്റിയുടെ അബുദാബി ഉമടസ്ഥരും സിറ്റി കോച്ച് പെപ് ഗാഡിയോളയുടെ സഹോദരൻ പെരെ ഗാഡിയോളയും ചേർന്ന് ക്ലബ്ബ് ഏറ്റെടുത്തു. 2020 ൽ പെരെ ഗാഡിയോളയുടെ ഓഹരികളിലേറെയും അമേരിക്കൻ-ബൊളീവിയൻ ബിസിനസുകാരൻ മാഴ്സെലൊ ക്ലോർ വാങ്ങി. ഇപ്പോൾ 47 ശതമാനം ഓഹരി സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ കൈയിലും 35 ശതമാനം ക്ലോറിന്റെ കൈയിലും 16 ശതമാനം പെരെ ഗാഡിയോളയുടെ കൈയിലുമാണ്. സിറ്റി ഗ്രൂപ്പിന് നിക്ഷേപമുള്ള 13 ക്ലബ്ബുകളിലൊന്നാണ് ജിരോണ. ഇന്ത്യയിലെ മുംബൈ സിറ്റിയാണ് മറ്റൊന്ന്. ന്യൂയോർക്ക് സിറ്റി എഫ്.സി വേറൊന്നും. ബ്രസീൽ, ഉറുഗ്വായ്, ചൈന, ജപ്പാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് മറ്റു ക്ലബ്ബുകൾ.
യൂറോപ്യൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സഹോദര ടീമാണെങ്കിലും വലിയ കളിക്കാരൊന്നും ജിരോണയിലില്ല. പല കളിക്കാരെയും ഈ സീസണിലാണ് ഫുട്ബോൾ പ്രേമികൾ അറിഞ്ഞു തുടങ്ങുന്നത്.
ഈ സീസണിലെ മിന്നുന്ന പ്രകടനത്തിന്റെ എല്ലാ ക്രെഡിറ്റും കോച്ച് മിഷേൽ സാഞ്ചസിനും സ്പോർട്സ് ഡയരക്ടർ ക്വികെ കാഴ്സലിനുമാണെന്ന് മസ്ബാഗ പറയുന്നു. 14 റൗണ്ട് പിന്നിട്ടപ്പോൾ ഒരു കളി മാത്രമാണ് അവർ തോറ്റത്. പതിനൊന്നെണ്ണം ജയിച്ചു.
സ്പാനിഷ് ലീഗിൽ ക്ലബ്ബുകൾക്ക് ഉടമസ്ഥരുടെ ആസ്തിയനുസരിച്ച് ചെലവഴിക്കാനാവില്ല. ക്ലബ്ബിന്റെ വരുമാനവും കടവുമൊക്കെ പരിഗണിച്ചേ കളിക്കാരുടെ പ്രതിഫലം നിശ്ചയിക്കാനാവൂ. ഈ സീസണിൽ ജിരോണക്ക് കളിക്കാർക്ക് ശമ്പളം കൊടുക്കാവുന്ന പരിധി അഞ്ച് കോടി യൂറോയാണ്. റയലിന് അത് 72.7 കോടി യൂറോയാണ്. ലാ ലിഗയിലെ 20 ക്ലബ്ബുകളിൽ പന്ത്രണ്ടിനും ജിരോണയെക്കാളധികം തുക കളിക്കാർക്കായി ചെലവിടാം.
സിറ്റി ഗ്രൂപ്പിലെ മറ്റു ക്ലബ്ബുകളിൽ നിന്ന് ലോണടിസ്ഥാനത്തിൽ വന്ന രണ്ട് കളിക്കാർ ജിരോണയിലുണ്ട് -റൈറ്റ് ബാക്ക് യാൻ കൂടോയും (മാഞ്ചസ്റ്റർ സിറ്റി) വിംഗർ സാവിയോയും (ഫ്രഞ്ച് ക്ലബ്ബ് ട്രോയസ്). രണ്ടു പേരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കളിക്കാരെ കണ്ടെത്തുന്നതിലും മാർക്കറ്റിംഗിലും സിറ്റി ഗ്രൂപ്പിന്റെ ഭാഗമാണെന്നത് ജിരോണയെ സഹായിക്കുന്നു. വലിയ നിക്ഷേപ പദ്ധതികൾ ജിരോണ തുടങ്ങിയിട്ടുണ്ട്. 14,600 പേർക്കിരിക്കാവുന്ന മോണ്ടിലിവി സ്റ്റേഡിയം നവീകരിക്കുകയാണ്. കാഴ്ചപ്പാടുകൾ ആഗോളമാണെങ്കിലും പ്രാദേശിക സാഹചര്യമനുസരിച്ചാണ് ക്ലബ്ബ് മുന്നോട്ടു പോവുന്നതെന്ന് മസ്ബാഗ പറയുന്നു.
പല കളിക്കാർക്കും തിരിച്ചുവരാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ജിരോണ. കൗമാര പ്രായത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്ന അലയ്ക്സ് ഗാർസിയ ഈ മാസം സ്പെയിനിന്റെ ദേശീയ ടീമിലെത്തി. ആദ്യമായാണ് ഒരു ജിരോണ കളിക്കാരൻ ദേശീയ ടീമിന്റെ ഭാഗമാവുന്നത്. ബാഴ്സലോണയിൽ തിളങ്ങാനാവാതെ പോയ എറിക് ഗാർസിയയും പാബ്ലൊ ടോറെയും ലോണായി ഈ സീസണിൽ ജിരോണയിലെത്തി. ജിരോണ കിരീട സാധ്യതയില്ലാത്ത ടീമാണെന്നു കരുതിയാണ് ബാഴ്സലോണ അവർക്ക് കളിക്കാരെ കൈമാറിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും അയാക്സിന്റെയും ഡിഫന്ററായിരുന്ന ഡാലി ബ്ലിൻഡാണ് ജിരോണയിലെത്തി കരിയർ വീണ്ടെടുത്ത മറ്റൊരു കളിക്കാരൻ. എസ്പാന്യോൾ വേണ്ടെന്നുവെച്ച ഡേവിഡ് ലോപസും ക്രിസ്റ്റ്യൻ സ്റ്റുവാനിയും ജിരോണയിൽ കരിയറിന് പുതുജീവൻ പകർന്നു. ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ക്ലബ്ബ് വിടാൻ നിർബന്ധിതരായവരാണ് ഫോർവേഡുകളായ ആർതെം ദോവ്ബിക്കും വിക്ടർ സിഗാൻകോവും.
ഏഴ് ഗോളടിച്ച ദോവ്ബിക്കാണ് ആക്രമണം നയിക്കുന്നത്. രണ്ട് ഗിയറുള്ളതാണ് അവരുടെ ആക്രമണം. സാവിയൊ, സിഗാൻകോവ്, ഇവാൻ മാർടിൻ എന്നിവരുടെ മിന്നൽവേഗമുപയോഗിച്ച് അവർക്ക് ആക്രമിക്കാനാവും. ഗാർസിയ തുടങ്ങിവെക്കുന്ന ലോംഗ്പാസുകളിലൂടെ സാവധാനം ആക്രമണം കെട്ടിപ്പടുക്കാനുമാവും. വെറും പാസിനു വേണ്ടി മധ്യനിരയിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്ന ശൈലി കോച്ച് മിഷേലിന് പഥ്യമല്ല.
ജിരോണ ഈ മുന്നേറ്റം നിലനിർത്തുകയാണെങ്കിൽ അടുത്ത ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവർക്ക് അവസരം കിട്ടും. ഒരേ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റർ സിറ്റിയും ജിരോണയും ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത് ഒത്തുകളി സാധ്യതയെക്കുറിച്ച വലിയ വിമർശനം ക്ഷണിച്ചുവരുത്തും. എന്നാൽ മുമ്പും ഒരേ ഉടമസ്ഥതയിലുള്ള ടീമുകൾ ചാമ്പ്യൻസ് ലീഗിലുണ്ടായിരുന്നുവെന്ന് മാസ്ബാഗ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് റെഡ് ബുൾ ഉടമസ്ഥതയിലുള്ള ജർമനിയിലെ ലെയ്പ്സിഷും ഓസ്ട്രിയയിലെ സാൽസ്ബർഗും 2017 സീസണിൽ ചാമ്പ്യൻസ് കളിച്ചു. തുടർന്നും ഈ സാഹചര്യമുണ്ടായിട്ടുണ്ട്.
കാറ്റലൻ ടീമുകളായ ജിരോണയും ബാഴ്സലോണയും തമ്മിലുള്ള ലീഗ് മത്സരം ഈ മാസം പത്തിനാണ്, ബാഴ്സലോണയുടെ തട്ടകത്തിൽ. ബാഴ്സലോണ ജഴ്സി മാത്രം കണ്ടിരുന്ന ജിരോണ എന്ന സമ്പന്ന മേഖലയിൽ ഇപ്പോൾ ജിരോണയുടെ വെള്ളയും ചുവപ്പും സാധാരണമായിരിക്കുന്നു. 2015 ൽ ആകെ ജിരോണ വിറ്റത് 800 ജഴ്സികളാണ്. ആകെ കിട്ടിയത് 40,000 യൂറോ. ഇത്തവണ 10 ലക്ഷം യൂറോയുടെ ജഴ്സി വിൽപനയിലേക്കാണ് ജിരോണ മുന്നേറുന്നത്. സ്പെയിനിൽ മാത്രമല്ല ജപ്പാനിലും അമേരിക്കയിലും തെക്കൻ കൊറിയയിലുമെല്ലാം ആരാധകരുണ്ടായത് മഹാദ്ഭുതമാണെന്നും സ്പോൺസർഷിപ്പിനായി മുൻകിട ബ്രാന്റുകൾ വാതിലിൽ മുട്ടുകയാണെന്നും മാസ്ബാഗ പറയുന്നു.