ന്യൂദൽഹി - ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവ സ്ഥലത്തുനിന്നും അക്രമി ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സന്‍സന്ദ് മാര്‍ഗിലെ വിത്തല്‍ ഭായി പട്ടേല്‍ ഹൗസിലെ സിസിടിവിയിലാണ് അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. കേസിന്റെ അന്വേഷണം ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന് വിട്ടു.
തിങ്കളാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ എത്തിയപ്പോഴായിരുന്നു ഉമര്‍ ഖാലിദിന് നേരെ അജ്ഞാതൻ വെടിയുതിര്‍ത്തത്. എന്നാല്‍ പരിക്കില്ലാതെ ഉമര്‍ ഖാലിദ് രക്ഷപ്പെട്ടു. ചായകുടിക്കാനാണ് ഉമര്‍ ഖാലിദ് ക്ലബില്‍ നിന്നും പുറത്തിറങ്ങിയത്. എന്നാല്‍ ഈ സമയം ഒരാള്‍ ഉമര്‍ ഖാലിദിന് പിറകില്‍ നിന്നും തള്ളിതാഴെയിട്ട് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വെടിവയ്ക്കാനുള്ള അക്രമിയുടെ ശ്രമത്തെ സുഹൃത്തുകള്‍ ചേര്‍ന്ന് വിഫലമാക്കി. പിന്നീട് സംഭസ്ഥലത്തു നിന്നും അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ഇവിടെനിന്നും വെടിവയ്ക്കാന്‍ ഉപയോഗിച്ച് തോക്ക് പൊലീസ് കണ്ടെടുത്തു.