ഗാസിയാബാദ് - ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഡൽഹി സ്വദേശിനിയായ 23-കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. യു.പിയിലെ ഗാസിയാബാദിലെ ട്രോണിക് സിറ്റി ഏരിയയിൽ വച്ചാണ് സംഭവം.
സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ട്രോണിക്ക സിറ്റിയിലെ കളിപ്പാട്ട നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്ന ഇവർ മറ്റൊരു പെൺസുഹൃത്തിനും ആൺസുഹൃത്തിനുമൊപ്പം പോകവേ അജ്ഞാത സംഘമെത്തി കയറിപ്പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരെ മർദ്ദിച്ച ശേഷം യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡി.സി.പി (റൂറൽ) വിവേക് യാദവ് പറഞ്ഞു. അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.