പട്‌ന-അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലുള്ള വിദ്യാലയത്തിലെ അധ്യാപകന്‍ ഗൗതം കുമാറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകന് വിവാഹം കഴിക്കേണ്ടിവന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബിഹാര്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ പരീക്ഷ പാസ്സായി ഈയിടെയാണ് ഗൗതം കുമാര്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. ബുധനാഴ്ച ക്ലാസെടുക്കുന്നതിനിടെ സ്‌കൂളിലെത്തിയ സംഘം ഗൗതമിനെ തട്ടിക്കൊണ്ടുപോയി. പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറില്‍ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന നിരവധി കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ' പകട്വ വിവാഹ്' എന്നാണ് ഇത്തരത്തില്‍ നടക്കുന്ന വിവാഹങ്ങളുടെ പേര്.
സംഭവമറിഞ്ഞതോടെ ഗൗതമിന്റെ കുടുംബം റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. രാജേഷ് റായ് എന്ന വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നാണ് ഗൗതമിന്റെ കുടുംബം ആരോപിക്കുന്നത്. രാജേഷിന്റെ മകള്‍ ചാന്ദ്‌നിയെയാണ് ഗൗതം വിവാഹം കഴിച്ചത്. വിവാഹം കഴിക്കാന്‍ വിസ്സമ്മതിച്ചതോടെ ഗൗതം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബിഹാറില്‍ ' പകഡ്വ വിവാഹ്' സുപരിചിതമായ കാര്യമാണ്. കഴിഞ്ഞ വര്‍ഷം ബിഹാറിലെ ബെഗുസരായിലെ ഒരു മൃഗഡോക്ടറെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചിരുന്നു. മൃഗത്തിന് സുഖമില്ലെന്ന് പറഞ്ഞ് നാലുപേരടങ്ങുന്ന സംഘം ഡോക്ടറെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിക്കുകയും ചെയ്തു. ഒരു എന്‍ജിനിയറും സമാനസാഹചര്യത്തില്‍ വിവാഹം കഴിക്കേണ്ടിവന്നിട്ടുണ്ട്. ബൊകാറോ സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജരായ 29 കാരനായ വിനോദ് കുമാറിനെയാണ് ഒരു സംഘം തല്ലിച്ചതച്ച് കല്യാണം കഴിപ്പിച്ചത്. പട്‌നയിലെ പാണ്ഡരകിലാണ് ഈ സംഭവം നടന്നത്.