ജറൂസലം- ഈജിപ്തുമായുള്ള റഫ ക്രോസിംഗ് തുറക്കണമെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
'അങ്ങേയറ്റം വിനാശകരമായ' മാനുഷിക പ്രതിസന്ധിക്കിടയില്‍ റഫ ക്രോസിംഗ് തുറക്കാന്‍ അനുവദിക്കണമെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ഖുദ്ര അഭ്യര്‍ഥിച്ചു.
വെടിനിര്‍ത്തല്‍ കാലത്ത് ഗാസയില്‍ എത്തിയ വൈദ്യസഹായം ഒരു ദിവസത്തേക്ക് മാത്രമേ തികയൂ എന്ന് അല്‍ ഖുദ്ര പ്രസ്താവനയില്‍ പറഞ്ഞു. 'ഗാസയിലെ ആരോഗ്യമേഖല എല്ലാ അര്‍ഥത്തിലും നിസ്സഹായമായിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
ഗാസയില്‍ മൂന്ന് ആശുപത്രികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ, അവക്ക് ഇനി രോഗികളെ സ്വീകരിക്കാന്‍ കഴിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുര്‍ബലമായ ഏഴ് ദിവസത്തെ യുദ്ധവിരാമത്തിന് ശേഷം ഇസ്രായില്‍ വ്യോമാക്രമണം പുനരാരംഭിക്കുകയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 100 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആശുപത്രിയില്‍ കുമിഞ്ഞുകൂടുന്ന രോഗികളെ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ പാടുപെടുകയാണ്.