ടെല്‍ അവീവ് - വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ കാത്തിരുന്ന ഇസ്രായില്‍ സൈന്യം ഗാസയില്‍ ഇന്ന് കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു. യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബിംഗില്‍ കുട്ടികള്‍ അടക്കം നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷമാണ് ഇന്ന് അപ്രതീക്ഷിതമായി കനത്ത ബോംബാക്രമണം നടന്നത്. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും നിരവധി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. കുട്ടികള്‍ അടക്കം കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സമാധാന കരാര്‍ ലംഘിച്ച് ഹമാസ് മിസൈല്‍ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്ന് ഇസ്രയേല്‍ വാദിക്കുന്നത്.
വംബര്‍ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് തവണ നീട്ടുകയും ഗാസയില്‍ ബന്ദികളാക്കിയ 105 പേരെയും ഇസ്രായില്‍ ജയിലുകളില്‍ കഴിയുന്ന 240 ഫലസ്തീന് തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 ഫലസ്തീന് തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതല്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെ ആണ് അപ്രതീക്ഷിതമായി ഇസ്രായില്‍ ഇന്ന് രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്. സമാധാനക്കരാര്‍ ലംഘിച്ച ഹമാസ് ഇസ്രയേലി നഗരങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തുവെന്നും ബന്ദികളായ എല്ലാ സ്ത്രീകളെയും മോചിപ്പിക്കുമെന്ന വാക്ക് പാലിച്ചില്ലെന്നുമാണ് ഇസ്രായിലിന്റെ അവകാശവാദം. സാധാരണക്കാരുടെ ജീവന് രക്ഷിക്കാന്‍ സാധ്യമായതെല്ലാം ഇസ്രായില്‍ ചെയ്യണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.