Sorry, you need to enable JavaScript to visit this website.

അവരാ പണമെടുത്ത് കെഎസ്ആര്‍ടിസിക്ക് ശമ്പളം  വരെ കൊടുത്തേക്കും, സഹകരിക്കില്ലെന്ന് ഫിയോക്

കൊച്ചി-സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'എന്റെ ഷോ' മൊബൈല്‍ ആപ്പിനോടും വെബ്‌സൈറ്റിനോടും സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഏത് സംവിധാനം വഴി ടിക്കറ്റ് വിതരണം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തീയേറ്ററുകള്‍ക്കാണ്. നിര്‍ബന്ധിതമായി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ ഒരു പദ്ധതിയും ഇതുവരെ നേരാംവണ്ണം നടപ്പായിട്ടില്ല. ആളുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ ആപ്പ് പണിമുടക്കിയാല്‍ ടിക്കറ്റ് നല്‍കാനാകില്ല. സര്‍ക്കാര്‍ സേവനദാതാവായി നിശ്ചയിക്കുന്ന ഏജന്‍സിക്കാണ് ടിക്കറ്റ് തുക പൂര്‍ണമായി പോകുന്നത്. അതില്‍നിന്ന് പിന്നീടാണ് വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കേണ്ട വിഹിതമുള്‍പ്പെടെ തീയേറ്ററുടമകളുടെ അക്കൗണ്ടിലേയ്ക്കെത്തുന്നത്. ടിക്കറ്റ് തുകയില്‍ നിന്ന് ഒന്നര രൂപ സേവനദാതാവിനാണ്. തീയേറ്ററുകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് തുക കൃത്യസമയത്ത് കിട്ടുമെന്ന് ഉറപ്പില്ല. പണം കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്നതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരെ എടുത്ത് ഉപയോഗിച്ചേക്കാം. അതുകൊണ്ട് സംവിധാനം നടപ്പാക്കാന്‍ അനുവദിക്കില്ല.'- വിജയകുമാര്‍ പറഞ്ഞു.  'എന്റെ ഷോ' ആദ്യം ഒരു വര്‍ഷം സര്‍ക്കാര്‍ തീയേറ്ററുകളില്‍ പരീക്ഷിച്ച് വിജയിക്കട്ടെ. എന്നിട്ട് മറ്റ് തീയേറ്ററുകളുടെ കാര്യം ആലോചിക്കാം. മാളുകളിലെ വലിയ മള്‍ട്ടിപ്ലക്‌സുകളും ഇതിനോട് യോജിക്കാന്‍ സാദ്ധ്യതയില്ല. 'എന്റെ ഷോ'യെ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ ആശങ്കകള്‍ അറിയിച്ചിരുന്നു. അത് പരിഹരിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. - വിജയകുമാര്‍ വ്യക്തമാക്കി. തീയേറ്ററുകളിലെ കൃത്യമായ വരുമാന വിവരം നിര്‍മാതാക്കള്‍ക്കും ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡിനും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ തയ്യാറാണ്. ക്ഷേമനിധി വിഹിതം കൃത്യമായി നല്‍കാത്തത് മാളുകളിലെ ചില തീയേറ്ററുകളും ഫിയോകില്‍ അംഗമല്ലാത്തവരുമാണെന്നും വിജയകുമാര്‍ ആരോപിച്ചു.
 

Latest News