ബംഗളൂരു- റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ പുതിയ കരാറില്‍ നടന്ന അഴിമിത സംബന്ധിച്ച് സംവാദത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ചു. റഫാല്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഡിക്ക് ഒരു നിമിഷം പോലും മറുപടി നല്‍കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. 'ഒരു സംവാദം നടക്കട്ടെ. എത്ര സമയം വേണമെങ്കിലും എടുക്കാം. എന്നാല്‍ ഒരു നിമിഷം പോലും നരേന്ദ്ര മോഡിക്ക് മറുപടി നല്‍കാനാവില്ല. കാരണം മോഡി മോഷ്ടിച്ചിരിക്കുന്നു. മോഡി അദ്ദേഹത്തിന്റെ സുഹൃത്ത് അനില്‍ അംബാനിയുടെ ഒരു വിമാനം പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത കമ്പനിക്ക് അനുകൂലമായി കരാറിനെ മാറ്റിയിരിക്കുന്നു,' രാഹുല്‍ പറഞ്ഞു. തിങ്കളാഴ്ച കര്‍ണാടകയിലെ ബിദാറില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച കരാറില്‍ പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനായിരുന്നു സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ വിമാനമുണ്ടാക്കാനുള്ള കരാര്‍ ലഭിച്ചിരുന്നു. ഇത് കര്‍ണാകടയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. എന്നാല്‍ ഒരു ദിവസം നരേന്ദ്ര മോഡി ഫ്രാന്‍സിലേക്കു പോയി ഈ കരാറില്‍ മാറ്റം വരുത്തു. യുവാക്കളുടെ ജോലി അവരില്‍ നിന്നും മോഡി തട്ടിപ്പറിച്ചു. 56 ഇഞ്ച് നെഞ്ചളവില്‍ ഊറ്റം കൊള്ളുന്ന അദ്ദേഹത്തെ രാജ്യത്തിനു മുമ്പാകെ തുറന്നുകാട്ടണമെങ്കില്‍ എന്റെ മുമ്പില്‍ കൊണ്ടു വരൂവെന്നും രാഹുല്‍ പറഞ്ഞു.
36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ സെപ്തംബറിലാണ് ഇന്ത്യ പുതുക്കിയ 58,000 കോടി രൂപയുടെ കരാര്‍ ഫ്രാന്‍സുമായി ഒപ്പിച്ചത്. പുതിയ കരാറില്‍ വിമാനങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.