Sorry, you need to enable JavaScript to visit this website.

VIDEO - ആരാധകരുടെ മനംകവര്‍ന്ന് രണ്‍വീര്‍ സിംഗ്, താരജാടകളില്ലാതെ ചെങ്കടല്‍ തീരത്ത്

ജിദ്ദ-ചെങ്കടല്‍ തീരത്ത് ആരംഭിച്ച മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആദ്യദിവസം ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. കുശലം പറഞ്ഞും ഹസ്തദാനം നടത്തിയും താരജാടകളില്ലാതെ ഇടപഴകിയ രണ്‍വീര്‍ ആരാധകരെ അക്ഷരാര്‍ഥത്തില്‍ കയ്യിലെടുക്കുകുയായിരുന്നു.
വ്യാഴാഴ്ച തുടക്കം കുറിച്ച റെഡ് സീ ഫിലിം ഫെസ്റ്റവലില്‍ ആദ്യ സംവാദ പരിപാടി രണ്‍വീറിന്റേതായിരുന്നു.അഭിനയ രംഗത്തെ തന്റെ യാത്രയെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ചലച്ചിത്ര രംഗത്തെ മാറ്റങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു.


റെഡ് സീ മാളിലെ വോക്‌സ് തിയേറ്ററില്‍ രണ്‍വീറിനെ കാണാനും അദ്ദേഹത്തിന്റെ സംഭാഷണം കേള്‍ക്കാനും തടിച്ചുകൂടിയവരിലേറെയും സ്വാഭാവികമായും ഇന്ത്യക്കാരും പാകിസ്ഥാന്‍കാരുമായിരുന്നു. നടനെ കാണാനും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനും അറബികളും മത്സരിച്ചു.
സദസ്സില്‍നിന്നുള്ള ആരവങ്ങള്‍ക്കനുസരിച്ച് തമാശ കലര്‍ന്നതായിരുന്നു ചോദ്യങ്ങള്‍ക്കുള്ള രണ്‍വീറിന്റെ മറുപടി.


ഹിന്ദി, ഉര്‍ദു, പഞ്ചാബി, സിന്ധി ഭാഷകളിലൊക്കെ ആളുകള്‍ കമന്റുകള്‍ നടത്തിയപ്പോള്‍ അവയോടൊക്കെയും താരം പ്രതികരിച്ചു. ഹിന്ദിയിലും ഉര്‍ദുവിലും സംസാരിക്കണമെന്ന ആവശ്യം സദസ്സില്‍നിന്ന് ഉയര്‍ന്നപ്പോള്‍ ഏതാനും വാചകങ്ങള്‍ ഹിന്ദിയിലും പറഞ്ഞു.


സംഭാഷണ പരിപാടിക്കുശേഷം തിയേറ്ററിലുണ്ടായിരുന്ന മുഴുവന്‍ ആളുകള്‍ക്കും സെല്‍ഫി എടുക്കാന്‍ അവസരം നല്‍കിയും ഓട്ടോഗ്രാഫ് നല്‍കിയുമാണ് താരം വേദി വിട്ടത്. താരം തന്നെ ഫോണുകൾ വാങ്ങി ആരാധകരുടെ ഇഷ്ടപ്രകാരം സെൽഫികൾ എടുത്തു നൽകി.

നേരത്തെ, റെഡ് സീ ഫിലിം ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കിയോടൊപ്പം രണ്‍വീര്‍ സിംഗ് റെഡ് കാര്‍പറ്റിലെത്തി.

 

Latest News