ബംഗളൂരുവിൽ നടന്ന ദ്വിദിന മുനിസിപ്പാലിക ഇന്റർനാഷണൽ കോൺഫറൻസിൽ പ്രദർശിപ്പിച്ച മാൻഹോൾ ക്ലീനിംഗ് റോബോട്ട് ആയിരങ്ങളെ ആകർഷിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ നഗര വികസനത്തിനുള്ള മാർഗങ്ങൾ തേടിയായിരുന്നു ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന സമ്മേളനം.
മലിന ജലത്തിലും മാൻഹോൾ വൃത്തിയാക്കലിലുമുള്ള സുരക്ഷ രാജ്യത്ത് വലിയ പ്രശ്‌നമായി തുടരുന്നതിനിടയിലാണ് കേരളം ആസ്ഥാനമായുള്ള കമ്പനി വികസിപ്പിച്ച ബാൻഡികൂട്ട് റോബോട്ട് ശ്രദ്ധേയമായത്. തിരുവനന്തപുരത്തെ മൂന്ന് ടെക്കികൾ വികസിപ്പിച്ച മാൻഹോൾ ക്ലീനിംഗ് റോബോട്ടാണ് ബാൻഡികൂട്ട്.
മാൻഹോൾ ശുചീകരണം നടത്തുന്ന തൊഴിലാളികൾക്കിടയിലെ മരണങ്ങളും അപകടങ്ങളും രാജ്യത്ത് ഇപ്പോഴും തുടർക്കഥയാണ്. ഇതു തടയുന്നതിനുള്ള വിപ്ലവകരമായ പരിഹാരമാണ് ഈ റോബോട്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് ഇലക്ട്രിക്, പെട്രോൾ അധിഷ്ഠിത മോഡലുകൾ ലഭ്യമാണ്. മുനിസിപ്പാലിറ്റികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മലിനജല ശുചീകരണത്തിന് സുരക്ഷിതമായ ബദൽ സമർപ്പിക്കുന്നു എന്നതാണ് സവിശേഷത.
മാൻഹോളുകൾ വൃത്തിയാക്കുന്നതിന് ലോകത്തിൽ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് തിരുവനന്തപുരത്തെ ജെന്റോ ബോട്ടിക്‌സ്. മാൻഹോളുകൾ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന ഹാനികരമായ സമ്പ്രദായത്തിന് വിരാമമിട്ടുകൊണ്ടാണ് ജെന്റോബോട്ടിക്‌സ് കേരളത്തിൽ ആദ്യമായി ബാൻഡിക്കൂട്ട് അവതരിപ്പിച്ചത്. പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ എന്നിവ നിറഞ്ഞ മാൻഹോളുകൾ വൃത്തിയാക്കി തിരുവനന്തപുരത്ത് നടത്തിയ വിജയകരമായ പരീക്ഷണത്തിന് ശേഷം ഇത് വിവിധ ആവശ്യങ്ങൾക്കായി കേരള വാട്ടർ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്.
സ്റ്റാർട്ട്അപ് മിഷന്റെ സഹായത്തോടെയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
മണ്ണിനടിയിലേക്ക് 20 മീറ്റർ ആഴത്തിൽ വരെ കടന്നു ചെല്ലാൻ കഴിയുന്നതിനാലാണ് റോബോട്ടിന് ബാൻഡികൂട്ട് എന്നു പേരിട്ടത്. നാല് കാലുള്ള, ചിലന്തിയുടെ ആകൃതിയുള്ള റോബോട്ടിനെ മാൻഹോളിന് പുറത്ത് നിന്ന് ഒരാൾക്ക് നിയന്ത്രിക്കാനാകും. ക്യാമറകളുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്. ഓടകളും മാൻഹോളുകളും വൃത്തിയാക്കാൻ 15 മുതൽ 45 മിനിറ്റ് വരെയാണ് ബാൻഡികൂട്ടിന് ആവശ്യമായി വരിക. സോളിഡ് വേസ്റ്റ് കോരിയെടുത്ത് സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ബക്കറ്റിലേക്ക് മാറ്റുന്നു. 10 മുതൽ 20 കിലോ വരെ ഭാരം ഉയർത്തിയെടുക്കാൻ ശേഷിയുളളതാണ് ഈ ബക്കറ്റ് സിസ്റ്റം.
നഗര വികസനവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്കും ആശയങ്ങൾ പങ്കിടുന്നതിലേക്കും വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരെ എത്തിക്കുന്നതിൽ മുനിസിപ്പാലിക സമ്മേളനം വിജയിച്ചു.
200 ലധികം അവതരണങ്ങളുണ്ടായിരുന്ന സമ്മേളനം രാജ്യത്തുടനീളമുള്ള അയ്യായിരത്തിലധികം വ്യവസായ സന്ദർശകരെ ആകർഷിച്ചു. നഗരവികസന വകുപ്പ്, നഗര ഭരണ ഡയറക്ടറേറ്റ്, ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവയും പൊതുമേഖല സ്ഥാപനങ്ങളും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.
നഗര വികസനത്തിലെ നൂതനമായ പരിഹാരങ്ങളും മികച്ച രീതികളും പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണ് സമ്മേളനം ഒരുക്കിയത്.
സ്വഛ് ഗംഗ, റിവർ സിറ്റീസ് നാഷണൽ മിഷൻ യൂനിയനുകൾ തുടങ്ങിയവ സമ്മേളനത്തിൽ ശ്രദ്ധേയമായ പങ്കാളികളായിരുന്നു. ഇവരുടെ സംരംഭങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകളാണ് സമ്മേളനവും പ്രദർശനങ്ങളും വാഗ്ദാനം ചെയ്തത്.
സ്വഛ് ഭാരത് യോജന യൂനിറ്റുകളുടെ നിർവഹണം, ഖരമാലിന്യ സംസ്‌കരണം, സുസ്ഥിര ഖരമാലിന്യ സംസ്‌കരണം, ശേഷി വർധിപ്പിക്കൽ, സുസ്ഥിര ശുചിത്വം, ഉപയോഗിച്ച ജല പരിപാലനം, ഹരിതവും ഉണങ്ങിയതുമായ മാലിന്യ വേർതിരിവ് എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ അവതരണങ്ങളുണ്ടായിരുന്നു.