നാദാപുരം- മലയാളത്തില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളില്‍ മുസ്‌ലീമിന്റെയോ ക്രിസ്ത്യന്റെയോ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെ കഥയുണ്ടോയെന്ന് നടി ഗായത്രി. എല്ലാം തീരുമാനിക്കുന്നത് സവര്‍ണ ഫാസിസ്റ്റ് ഭരണകൂടമാണ്. നവകേരളസദസുമായി ബന്ധപ്പെട്ട് നാദാപുരം നിയോജകമണ്ഡലത്തില്‍ നടത്തിയ പ്രസംഗത്തിലാണ് നടിയുടെ പരാമര്‍ശം. ഞാന്‍ അഭിനയിക്കുന്ന സീരിയലില്‍ ഒരു ന്യൂനപക്ഷ കഥയുണ്ടോ. മുസ്‌ലീമിന്റെയോ ക്രിസ്ത്യന്റെയോ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെ കഥയുണ്ടോ. മുപ്പത്തിയഞ്ച് നാല്‍പ്പതോളം എന്റര്‍ടൈന്‍മെന്റ് ചാനലുണ്ട്. ഒരു ദിവസം നിങ്ങള്‍ മുപ്പതിയഞ്ച് നാല്‍പ്പത് സീരിയലുകള്‍ കാണുന്നുണ്ട്. ഓരോരുത്തര്‍ കാണുന്നതല്ല. നമ്മളെ കാണിക്കുന്നുണ്ട്. എന്നാലും ആറ് മണി മുതല്‍ പത്ത് മണിവരെയുള്ള എല്ലാ സീരിയലുകളും കാണുന്നവര്‍ ഈക്കൂട്ടത്തിലുണ്ട്.
എനിക്കറിയാം. ഇതിന്റെയകത്ത് ഏതെങ്കിലുമൊരു സീരിയലില്‍ മുസല്‍മാന്‍ കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ? ഒരു ക്രിസ്ത്യന്‍ പള്ളീലച്ചന്‍ ഉണ്ടോ? ഒരു മുല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? മാറ് മുറിച്ചുകൊടുത്തിട്ട് നഗ്‌നത മറക്കാന്‍ അവകാശം വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാള്‍ പാട്ടുപാടുന്ന ഒരു പെണ്ണിനെ നമ്മുടെ ടീവിയില്‍ നമ്മള്‍ കാണുന്നുണ്ടോ? ഉണ്ടോ? എന്തുകൊണ്ടാണ്? അവരാരും കാണാന്‍ കൊള്ളില്ലേ?
എന്റെയൊക്കെ തലമുറ സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ ഏറ്റവും വലിയ സുന്ദരിയായി കണ്ടിരുന്ന നടി ആരാണെന്ന് എന്നോട് ചോദിച്ചാല്‍ സൂര്യ എന്ന് ഞാന്‍ പറയും. നല്ല കറുത്ത മേനിയഴകുള്ള സൂര്യയാണ്. അല്ലേ നല്ല സുന്ദരിയായിരുന്നില്ലേ? ആദാമിന്റെ വാരിയെല്ല്. നല്ല ആര്‍ജവമുള്ള പെണ്ണായിരുന്നില്ലേ അവള്‍. അങ്ങനെയൊരു നായികയെ നിങ്ങള്‍ ഏതെങ്കിലുമൊരു സീരിയലില്‍ കാണുന്നുണ്ടോ. ഇപ്പോള്‍ സുന്ദരി എന്ന് പേരിട്ട് ഒരു പെണ്ണിനെ വെളുപ്പിച്ചിട്ടാണ് കാണിക്കുന്നത്. അവളെ പൊട്ടിടീപ്പിച്ച്, പട്ടുസാരിയുടുപ്പിച്ച്, ചന്ദനക്കുറിയിട്ട്, വലിയ സിന്ദൂരപ്പൊട്ടണിഞ്ഞ് ഒരു സവര്‍ണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്. എന്തുകൊണ്ട്?
ചുമ്മാതെയാണോ? വെറുതെയല്ല. ഒരു ട്രയാങ്കിളാണ് ഇത് തീരുമാനിക്കുക. നമ്മള്‍ എപ്പോഴും കരയുന്ന, നമ്മള്‍ എപ്പോഴും പേടിപ്പെടുന്ന, നമ്മള്‍ എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്ന 126 പേരടങ്ങുന്ന ഗ്രൂപ്പുണ്ട്. ആരാ ഇന്ത്യയില്‍. അവര്‍ക്ക് വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. ആരാ കോര്‍പ്പറേറ്റുകള്‍. ഇതില്‍ ഒന്നോ രണ്ടോ മൂന്നോ കോര്‍പറേറ്റുകള്‍ തീരുമാനിക്കും. റിലയന്‍സ് തീരുമാനിക്കും, അദാനി തീരുമാനിക്കും, അംബാനി തീരുമാനിക്കും.
വേണമെങ്കില്‍ ടാറ്റയും തീരുമാനിക്കുമെന്ന് പറയുംപോലെ തീരുമാനിക്കും. ഇതാണ് ഈ ട്രയാങ്കളിന്റെ ഒരു കോണ്‍. ഈ ട്രയാങ്കളിന്റെ മറ്റേ കോണ്‍ ആര് തീരുമാനിക്കും. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും സവര്‍ണ ഫാസിസ്റ്റ് ഭരണകൂടം തീരുമാനിക്കും. ഇതിന്റെ ഇടയിലുള്ള ട്രയാങ്കിളില്‍ നമ്മള്‍ ഏഷ്യാനെറ്റ് കാണും, സ്റ്റാര്‍ കാണും, സിടിവി കാണും. ബാക്കിയുള്ള ചാനലുകളിലെ വിഭവങ്ങള്‍ എല്ലാം കാണും. ഈ പറയുന്ന കോര്‍പറേറ്റുകളാണ് ചാനലുകള്‍ക്ക് പൈസ കൊടുക്കുന്നത്. അണ്‍കണ്ടീഷണലാണ്. ഏറ്റവും ഹിഡന്‍ ആയിട്ട് വച്ചിരിക്കുന്ന ക്രോസ് മീഡിയയുടെ അണ്ടറിലാണ് കോര്‍പറേറ്റുകള്‍ ചാനലുകള്‍ക്ക് പൈസ കൊടുക്കുന്നത്. ഡിക്ലേര്‍ഡ് ഓണര്‍ഷിപ്പല്ല. രഹസ്യ ഓണര്‍ഷിപ്പാണ്. ഗവണ്‍മെന്റിന്റെ ഗ്യാരണ്ടിയിലാണ് കോര്‍പ്പറേറ്റുകള്‍ പൈസ കൊടുക്കുന്നത്. ഗവണ്‍മെന്റ് കോര്‍പറേറ്റുകള്‍ക്ക് വേണ്ട എല്ലാം ചെയ്തുകൊടുക്കുന്നു. നെഞ്ചളവില്‍ ഏറ്റവും പ്രമുഖനായ, മുഖത്തുനോക്കിയാല്‍ ആരുമൊന്ന് കൈകൂപ്പി തൊഴുതുപോകുന്ന പുരുഷസൗന്ദര്യമുള്ള, വെട്ടിയൊതുക്കിയ താടി രോമങ്ങളുള്ള, നരേന്ദ്ര മോഡിയുടെ ഭരണകൂടം കോര്‍പറേറ്റിന്റെ മുന്നില്‍ പോയി നട്ടെല്ല് വളഞ്ഞിങ്ങനെ നില്‍ക്കും. അങ്ങനെ നിന്നുകൊടുത്തു, വച്ചുകൊടുത്തു, നമ്മുടെ സാംസ്‌കാരിക ഭരണകൂടത്തെയും. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ഓര്‍ഡറുകള്‍ ഇറക്കും, എന്ത് കാണിക്കണം ടി വിയില്‍ എന്നതിനെപ്പറ്റി. കോര്‍പ്പറേറ്റുകളുടെ കച്ചവട സാദ്ധ്യതകളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യങ്ങളും പാട്ടുകളും സിനിമകളും കാണിക്കുകയെന്നതാണ് ആവശ്യം.