ടെല്‍അവീവ്- ഖത്തര്‍ നേതാക്കളുമായും സി.ഐ.എ മേധാവി വില്യം ബേണ്‍സുമായുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രായിലിന്റെ മൊസാദ് ചാര ഏജന്‍സി മേധാവി ഡേവിഡ് ബാര്‍ണിയ ഖത്തറിലെത്തിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ ഹമാസും മറ്റ് പോരാളി ഗ്രൂപ്പുകളും ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് മൊസാദ് മേധാവി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
ബര്ണിയയുമായും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനിയുമായും ബേണ്‍സ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായിലിനും ഹമാസിനുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തറിലേക്ക് ബാര്‍ണിയ മൂന്ന് യാത്രകള്‍ നടത്തി. ഇസ്രായിലില്‍ ഖത്തറിലെ ഉന്നത ഉദ്യോഗരെ ഇദ്ദേഹം സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കുറഞ്ഞത് 20 ബന്ദികളെയെങ്കിലും മോചിപ്പിക്കാന്‍ അനുവദിക്കുന്നതിനായി നാല് ദിവസത്തെ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രായിലും ഹമാസും സമ്മതിച്ചതിന് പിന്നാലെയാണ് മൊസാദ് മേധാവിയുടെ സന്ദര്‍ശനം.
20 ബന്ദികളെ സുഗമമായി മോചിപ്പിക്കുന്നതും കൂടുതല്‍ ദിവസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഗാസയില്‍ ഹമാസ് പിടികൂടിയ എല്ലാ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്ന് ഉറപ്പാക്കാനാണ് ഇസ്രായിലിന്റെ ശ്രമം. ബന്ദികളില്‍ 83 സ്ത്രീകളുണ്ടെന്ന് ഇസ്രായില്‍ വിശ്വസിക്കുന്നു. ഇവരെയെല്ലാം ഉള്‍പ്പെടുത്തി കരാര്‍ നീട്ടാന്‍ ഹമാസിനെ പ്രേരിപ്പിക്കുന്നതില്‍ അടുത്ത രണ്ട് ദിവസം നിര്‍ണായകമാണെന്ന് വിശ്വസിക്കുന്നതായും ഇസ്രായില്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.