മുംബൈ- ഓണ്‍ലൈന്‍ പേയ്‌മെന്റുകളിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ അതിന് മൂക്കു കയറിനാടുള്ള ശ്രമവുമായി അധികൃതര്‍. രണ്ടു പേര്‍ തമ്മിലുള്ള ആദ്യ പേയ്‌മെന്റ് പൂര്‍ത്തിയാകാന്‍ നാലു മണിക്കൂര്‍ സമയമെടുക്കുമെന്നതായിരിക്കും പുതിയ പരിഷ്‌ക്കാരം. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കാണ് ഈ സമയം ബാധകമാവുക.
യു. പി. ഐ, ഐ. എം. പി. എസ്, ആര്‍. ടി. ജി. എസ് എന്നിവയ്‌ക്കെല്ലാം ഈ സമയം ബാധകമായിരിക്കും.
നിലവില്‍ യു. പി. ഐയുടെ പുതിയ ഉപഭോക്താവിന് ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ അയ്യായിരം രൂപയും എന്‍. ഇ. എഫ്. ടി ഗുണഭോക്താവിന് പൂര്‍ണമായോ ഭാഗികമായോ അരലക്ഷം രൂപ വരെയോ അയക്കാനാവും. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇതുവരെ ഇടപാട് നടത്തിയിട്ടില്ലാത്ത മറ്റൊരാളുമായി രണ്ടായിരം രൂപയ്ക്ക് മുകളില്‍ ആദ്യ പേയ്‌മെന്റ് നടത്തുമ്പോള്‍ നാല് മണിക്കൂര്‍ സമയ പരിധി ബാധകമാകും. ഈ നാലു മണിക്കൂറിനകം അയച്ച തുക മാറ്റാനോ പരിഷ്‌ക്കരിക്കാനോ സാധിക്കുകയും ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പൊതു- സ്വകാര്യ ബാങ്കുകളും ഗൂഗിള്‍ പോലുള്ള ടെക് കമ്പനികളും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.
റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് 2022- 23 അനുസരിച്ച് 13530 തട്ടിപ്പുകളാണ് നടന്നത്. ഇതുവഴി 30,252 കോടി രൂപ നഷ്ടപ്പെട്ടു. ഇതില്‍ 49 ശതമാനം അഥവാ 6,659 കേസുകള്‍ ഡിജിറ്റല്‍ പേയ്മെന്റ്- കാര്‍ഡ്/ ഇന്റര്‍നെറ്റ് വിഭാഗത്തിലാണ്.
സൈബര്‍ തട്ടിപ്പ് വഴി സാമ്പത്തിക നഷ്ടം തടയുന്നതിന് 155260 എന്ന ദേശീയ ഹെല്‍പ്പ് ലൈനും റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്ഫോമും ഇന്ത്യാ ഗവണ്‍മെന്റ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.