മഴക്കെടുതിയിലും കേരള കൃഷി വകുപ്പിന് തിളക്കമായി അരി ഉൽപാദന റെക്കോർഡ്. അരി ഉൽപാദനത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വൻ വർധനയാണ് സംസ്ഥാനത്തുണ്ടായത്. നെൽകൃഷിയിലേക്ക് ഏറെ പേർ കടന്നുവന്നതാണ് ഇതിന് കാരണം. സംസ്ഥാനത്ത് അരി ഉൽപ്പാദനം 6,17,260 ടണ്ണിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആറു വർഷത്തിനു ശേഷം നെൽകൃഷി 2 ലക്ഷം ഹെക്ടറിനു മുകളിലേക്ക് എത്തിയതായും കണക്കുകൾ പറയുന്നു.
12 വർഷത്തിനു ശേഷമാണ് സംസ്ഥാനത്തെ അരി ഉത്പാദനത്തിൽ ഇത്തരത്തിൽ വർധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വേനലിൽ പലയിടത്തും കൃഷി ഉണങ്ങി നശിച്ചിരുന്നു. പിന്നീടുണ്ടായ മഴയിലും വ്യാപക കൃഷി നാശമാണുണ്ടായത്. എന്നിട്ടു കൂടി വലിയതോതിൽ അരി ഉൽപ്പാദനം വർധിപ്പിക്കാനായത് സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
2006-07 കാലഘട്ടത്തിൽ 2,63,529 ഹെക്ടറിലായിരുന്നു നെൽകൃഷി ഉണ്ടായിരുന്നത്. ആ വർഷം ഉൽപാദനം നടന്നത് 6,41,575 ടൺ നെല്ലാണ്. എന്നാൽ പിന്നീട് 2007-08 കാലഘട്ടത്തിൽ കൃഷി 2,28, 978 ഹെക്ടറിലായി ചുരുങ്ങുകയായിരുന്നു. ഉൽപാദനം 5.28,488 ടണ്ണായി കുറഞ്ഞു. തുടർന്നുള്ള വർഷങ്ങളിലൊന്നും ഉൽപ്പാദനം ആറ് ടണ്ണിലേക്കുയർന്നില്ല. പല വർഷങ്ങളിലും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവ് കുറയുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നെൽകൃഷി ചെയ്യുന്ന കർഷകരുടെ എണ്ണവും കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും വർധിച്ചു. ഈ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയി ലെത്തിയതോടെയാണ് 2017-18 കാലഘട്ടത്തിൽ കൃഷി 2,20,499 ഹെക്ടറിലേക്കെത്തിയത്. അരി ഉൽപാദനം 6,17,260 ടണ്ണായി ഉയരുകയും ചെയ്തു. പാലക്കാട് ജില്ലയിലാണ് നെൽകൃഷി ഏറ്റവും കൂടുതൽ നടന്നത്. 90580 ഹെക്ടറിലായിരുന്നു ഇവിടെ കൃഷി. ആലപ്പുഴയിൽ 40282.49 ഹെക്ടറിൽ കൃഷി ചെയ്തപ്പോൾ തൃശൂരിൽ 22470.48 ഹെക്ടറിലും കോട്ടയത്ത് 20309.02 ഹെക്ടറിലും കൃഷി നടന്നു. ഇടുക്കിയിലായിരുന്നു നെൽകൃഷി കുറവ്. 1520.5 ഹെക്ടറിലാണ് ഇവിടെ കൃഷി നടന്നത്. തിരുവനന്തപുരത്ത് 2663.27, കൊല്ലത്ത് 3467.92, പത്തനംതിട്ടയിൽ 3591.2, എറണാകുളത്ത് 5300.84, മലപ്പുറത്ത് 8084.26, കോഴിക്കോട് 3783, വയനാട് 9508.24, കണ്ണൂരിൽ 6083.14, കാസർകോട് 2804.98 ഹെക്ടറുകളിലും ഈ വർഷം നെൽകൃഷി ചെയ്തു.
തരിശ് നില കൃഷിയും കര നെൽകൃഷിയും വ്യാപകമായതാണ് നെല്ലിന്റെ കാര്യത്തിൽ നേട്ടമുണ്ടാക്കാനായത്. വർഷങ്ങളായി തരിശ് കിടന്നിരുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോട്ടയം ജില്ലയിലെ മെത്രാൻകായൽ, ആലപ്പുഴ ജില്ലയിലെ റാണി കായൽ എന്നിവിടങ്ങളിൽ കൃഷി ചെയ്യാൻ സാധിച്ചത് വലിയ നേട്ടമായിരുന്നു. തരിശിട്ടിരുന്ന കൃഷിയോഗ്യമായ 39,000 ഏക്കറിൽ കഴിഞ്ഞ വർഷം പുതുതായി കൃഷി ചെയ്യാൻ സാധിച്ചു. ഇതിനൊപ്പം ചെറിയ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കിയതിന് പുറമെ ഒരുപ്പൂ നിലങ്ങളിൽ ഇരുപ്പൂ കൃഷി ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കി നൽകി. വിത്തും വളവും, തരിശ് നില കൃഷിക്കായി പ്രത്യേക സാമ്പത്തിക സഹായവും ഉൾപ്പെടെ കൃഷി വകുപ്പും കർഷകർക്കൊപ്പം നിലകൊണ്ടതോടെ കൃഷി എന്നത് ആത്മവിശ്വാസമായി മാറി.
കൃഷി ചെയ്യാനുള്ള സഹായത്തിനൊപ്പം നെല്ല് സംഭരണവും സർക്കാർ കാര്യക്ഷമമാക്കിയിരുന്നു. വൻകിട റൈസ് മില്ലുകളുടെ ചൂഷണം ഒഴിവാക്കാൻ മിനി റൈസ് മില്ലുകളും പ്രവർത്തനം ആരംഭിച്ചു. ഇതിന് പുറമെ ഓയിൽ പാം ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോട്ടയം വെച്ചൂരിൽ റൈസ് മില്ലും പ്രവർത്തിക്കുന്നു.