Sorry, you need to enable JavaScript to visit this website.

വിവാഹവേദിയിൽ വാക്കേറ്റം; വധുവും ബന്ധുക്കളുമടക്കം നാലുപേരെ വെടിവെച്ച് കൊന്ന് വരൻ ജീവനൊടുക്കി

ബാങ്കോക്ക് -  വിവാഹ ചടങ്ങിനിടെ വധു അടക്കം നാലുപേരെ വെടിവച്ചുകൊന്നതിന് പിന്നാലെ വരൻ ജീവനൊടുക്കി. പാരാ അത്‌ലറ്റും മുൻ സൈനികനുമായ 29-കാരനാണ് തന്റെ വിവാഹദിനത്തിൽ വധുവിനെയും വധുവിന്റെ അമ്മയെയും സഹോദരിയെയും വെടിവെച്ചശേഷം ജീവനൊടുക്കിയത്. 
 വിവാഹവേദിയിൽ വെച്ച് വധുവുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഇറങ്ങിപ്പോയ ശേഷമാണ് വരൻ ഈ കടുംകൈ ചെയ്തത്. വരൻ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാർ മൂന്നുവർഷത്തോളം ഒരുമിച്ചായിരുന്ന താമസം. 
 വടക്കുകിഴക്കൻ തായ്‌ലാൻഡിൽ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പാരാ അത്‌ലറ്റായ ചതുരോങ് സുക്‌സക് ആണ് തന്റെ വിവാഹത്തിനിടെ വധു കാന്ജനയെയും ഇവരുടെ ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. വിവാഹാഘോഷങ്ങൾക്കിടെ വേദിയിൽനിന്നിറങ്ങിപ്പോയ വരൻ പിന്നീട് തോക്കുമായി തിരിച്ചെത്തി ആദ്യം വധുവിന് നേരേ വെടിയുതിർക്കുകയായിരുന്നു. ശേഷം വധുവിന്റെ 62 വയസുള്ള അമ്മയെയും 38-കാരിയായ സഹോദരിയെയും ഇയാൾ കൊലപ്പെടുത്തി. വിവാഹചടങ്ങിനെത്തിയ മറ്റ് രണ്ട് അതിഥികൾക്കും വെടിയേറ്റു. ഗുരുതര പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു.
 ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവസമയം പ്രതി ലഹരിയിലായിരുന്നുവെന്നും ഒരുവർഷം മുമ്പാണ് പ്രതി തോക്ക് വാങ്ങിയതെന്നും പോലീസ് പറഞ്ഞു.
 പ്രതി ചതുരോങ് പാരാ അത്‌ലറ്റ് കൂടിയാണ്. കഴിഞ്ഞവർഷം ഇന്തോനേഷ്യയിൽ നടന്ന ആസിയാൻ പാരാഗെയിംസിൽ നീന്തലിൽ വെള്ളിമെഡലിന് അർഹനായിരുന്നു. അടുത്തമാസം തായ്‌ലാൻഡിൽ നടക്കുന്ന വേൾഡ് എബിലിറ്റി സ്‌പോർട്ട് ഗെയിംസിൽ പങ്കെടുക്കേണ്ട താരങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.

Latest News