രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇൻഡെൽമണി 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനത്തിലൂടെ 127.21 ശതമാനം ലാഭ വളർച്ച നേടി. മുൻവർഷം ഇതേ കാലയളവിൽ നേടിയ 8.32 കോടിയി്ൽ നിന്ന് ലാഭം 18.91 കോടിയായാണ് ഉയർന്നത്. വരുമാനത്തിലും വൻ വളർച്ച രേഖപ്പെടുത്തി മുൻവർഷം ഇതേ പാദത്തിലെ 47.81 കോടിയേക്കാൾ 61.09 ശതമാനം വർധിച്ച് വരുമാനം 77.03 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
വർഷത്തിന്റെ ആദ്യ പകുതിയിൽ ഉജ്വലമായ പ്രകടനത്തിലൂടെ 568.86 ശതമാനം ലാഭ വളർച്ച നേടി. കൈകാര്യം ചെയ്യുന്ന ആസ്തികളിലും വൻ വർധന രേഖപ്പെടുത്തി. മുൻവർഷത്തിന്റെ ആദ്യ പകുതിയിൽ 5.86 കോടി രൂപയായിരുന്ന ലാഭം 39.17 കോടിയായി ഉയർന്നു. 1800 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. വായ്പാ വിതരണത്തിൽ 70 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനി പുറത്തിറക്കിയ എൻസിഡി കടപ്പത്രങ്ങളുടെ മൂന്നാം ഘട്ടം 188 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. മുൻ പാദത്തെയപേക്ഷിച്ച് വൻ വളർച്ചയോടെ രണ്ടാം പാദത്തിൽ 1363 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്തത്.
2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 39.17 കോടി രൂപയുടെ ലാഭം നേടാൻ കഴിഞ്ഞത് വിപണിയിലെ മാറുന്ന ബലതന്ത്രം മനസ്സിലാക്കി പുതിയ മേഖലകളിലേക്കു ബിസിനസ് വ്യാപിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു.