വിദേശ ഫണ്ടുകൾ വർഷാന്ത്യം അടുത്തതിനാൽ വിൽപനയ്ക്ക് തിടുക്കം കാണിക്കുമോയെന്ന ഭീതി തല ഉയർത്തുന്നു. ആഭ്യന്തര ഫണ്ടുകളും പ്രദേശിക നിക്ഷേപകരും പുതിയ വാങ്ങലുകൾക്ക് ഉത്സാഹിച്ചത് തുടർച്ചയായ നാലാം വാരം ഇന്ത്യൻ മാർക്കറ്റ് നേട്ടം സമ്മാനിച്ചു. നിഫ്റ്റി 62 പോയന്റും സെൻസെക്‌സ് 175 പോയന്റും പ്രതിവാര മികവിലാണ്.
നിഫ്റ്റി ഫ്യൂചർ കൂടുതൽ കരുത്ത് പ്രദർശിപ്പിക്കുന്നു. ഓപൺ ഇൻട്രസ്റ്റ് മുൻവാരത്തിലെ 125 ലക്ഷത്തിൽ നിന്നും 130 ലക്ഷമായി. വിപണി നവംബർ സീരീസ് സെറ്റിൽമെന്റിന് ഒരുങ്ങുന്നു. ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച അവധിയായതിനാൽ വ്യാഴാഴ്ചത്തെ സെറ്റിൽമെന്റിന് കേവലം മൂന്ന് പ്രവൃത്തി ദിനങ്ങൾ മാത്രം. കാളകളും കരടികളുമായി ശക്തമായ ദ്വന്ദയുദ്ധത്തിന് സാധ്യത. 19,827 പോയന്റിൽ നിലകൊള്ളുന്ന ഫ്യൂേചഴ്‌സ് 19,730 ലെ സപ്പോർട്ട് നിലനിർത്തിയാൽ 19,900-20,030 വരെ മുന്നേറാം. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഊഹക്കച്ചവടക്കാർ ഒഴികെയുള്ളവർ ഈ വാരം വിട്ടുനിൽക്കുന്നത് അഭികാമ്യം.
നിഫ്റ്റി 19,731 ൽ നിന്നും 19,677 ലേയ്ക്ക് താഴ്ന്ന അവസരത്തിൽ കൈവരിച്ച കരുത്തിൽ പ്രതിരോധമായ 19,921 നെ ലക്ഷ്യമാക്കി ചുവടുവെച്ചെങ്കിലും 19,872 വരെയേ ഉയരാനായുള്ളൂ. ഒരു വിഭാഗം ലാഭമെടുപ്പിന് ഇറങ്ങിയത് സൂചികയെ തളർത്തി. വ്യാപാരാന്ത്യം നിഫ്റ്റി 19,794 പോയന്റിലാണ്. ഈ വാരം 19,885 ലേയ്ക്കും 19,976 ലേയ്ക്കും ഉയരാനുള്ള ശ്രമം വിജയിച്ചാൽ 20,030 നെ ഉറ്റു നോക്കാം. 19,690 ലെ താങ്ങ് നഷ്ടപ്പെട്ടാൽ 19,586 വരെ തളരാം. അതേ സമയം നിക്ഷേപ മനോഭാവം വിലയിരുത്തിയാൽ ഡിസംബറിൽ 20,300 - 20,500 നെ ലക്ഷ്യമാക്കാം.
മറ്റു സാങ്കേതിക വശങ്ങളിലേയ്ക്ക് തിരിഞ്ഞാൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടായത് ലാഭമെടുപ്പിന് പ്രേരിപ്പിക്കും. ഡെയ്‌ലി ചാർട്ടിൽ എം എ സി ഡി അനുകൂലമെങ്കിലും വീക്കിലി ചാർട്ട് ദുർബലാവസ്ഥയിലാണ്. ബോംബെ സെൻസെക്‌സ് 65,794 ൽ നിന്നും 66,229 പോയന്റ് വരെ കയറിയ ഘട്ടത്തിലാണ് മുൻനിര ഓഹരികളിലെ വിൽപന സമ്മർദം മൂലം അൽപം തളർന്ന സെൻസെക്‌സ് ക്ലോസിംഗിൽ 65,970 ലാണ്. 66,281 ലും 66,592 ലും പ്രതിരോധമുണ്ട്. വിൽപന സമ്മർദമുണ്ടായാൽ 65,606 65,242 ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ വാരാവസാനം നിക്ഷേപത്തിന് കാണിച്ച ഉത്സാഹം തുടർന്നാൽ ബുൾ റാലി ഉടലെടുക്കും. ഈ വർഷം അവർ 96,349 കോടി രൂപ നിക്ഷേപിച്ചു. പോയവാരം 2881 കോടിയുടെ ഓഹരികൾ വാങ്ങി, വാരത്തിന്റെ ആദ്യ പകുതിയിൽ അവർ 1409 കോടി രൂപയുടെ വിൽപന നടത്തി. ആഭ്യന്തര ഫണ്ടുകൾ 2112 കോടി രൂപ നിക്ഷേപിച്ചു.
ഡോളറിന് മുന്നിൽ രൂപ വീണ്ടും ദുർബലമായി. ഡിസംബറിലേയ്ക്ക് പ്രവേശിക്കുന്നതോടെ വിദേശ ഇടപാടുകാർ ബാധ്യത വിറ്റുമാറാൻ തിടുക്കം കാണിക്കാം. 83.24 ൽ നിന്നും രൂപ റെക്കോർഡ് തകർച്ചയായ 83.38 ലേയ്ക്ക് നീങ്ങിയ ശേഷം 83.36 ലാണ്. രൂപയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 83.52 ലേയ്ക്കും തുടർന്ന് 83.72 ലേയ്ക്ക് ദുർബലമാകാം.
അന്താരാഷ്ട്ര സ്വർണ വില ഉയർന്നു.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1981 ഡോളറിൽ നിന്നും 2008.50 വരെ കയറി. 2009 ലെ പ്രതിരോധം ഇനിയും മറികടക്കാനായിട്ടില്ലെങ്കിലും ഈ തടസ്സം ഭേദിക്കുന്നതോടെ 2024 നെ ലക്ഷ്യമാക്കും. വാരാന്ത്യം സ്വർണം 2001 ഡോളറിലാണ്.