ഹൈദരാബാദ് - കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു കൂട്ടരും തമ്മില്‍ കടുത്ത വാക്‌പോരാണ് നടത്തുന്നത്. കഴിഞ്ഞദിവസം ഉവൈസി മോഡിയുടെ സുഹൃത്താണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് ഉവൈസി ഇന്ന് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചത്.
'സ്വന്തമായി ഒരു കൂട്ടില്ലാത്തതു കൊണ്ടാണ് രാഹുല്‍ ഗാന്ധി മറ്റുള്ളവരുടെ കൂട്ടുകളെക്കുറിച്ച് അന്വേഷിച്ചു നടക്കുന്നത്. 50 വയസ്സുള്ള ഒരാള്‍ക്ക് വീട്ടില്‍ ആരെങ്കിലും സ്വന്തമായി കൂട്ടിനുണ്ടെങ്കില്‍ വളരെയേറെ പ്രയോജനപ്പെടും. അതിനാല്‍ രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ ഒരു വിവാഹം കഴിക്കുകയാണ് വേണ്ടത്. പക്ഷേ രാഹുല്‍ ഗാന്ധിക്ക് ജീവിതത്തില്‍ 2 പ്രണയങ്ങള്‍ മാത്രമാണ് ഉള്ളത്. ഒന്ന് ഇറ്റലിയോടും മറ്റൊന്നു മോഡിയോടും- ഹൈദരാബാദിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ ഉവൈസി വിമര്‍ശിച്ചു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന അമേത്തി മണ്ഡലത്തില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട് ഓടിയ ആളാണ് രാഹുല്‍ ഗാന്ധി എന്നും ഉവൈസി പരിഹസിച്ചു. കഴിഞ്ഞദിവസം തെലങ്കാനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ഉവൈസി നരേന്ദ്രമോഡിയുടെ സുഹൃത്താണെന്ന് വിമര്‍ശിച്ചത്. മോഡിക്ക് തെലങ്കാനയില്‍ രണ്ടു സുഹൃത്തുക്കള്‍ ഉണ്ടെന്നും, തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറും ഉവൈസിയും ആണ് അതെന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.