Sorry, you need to enable JavaScript to visit this website.

ദുബായില്‍ കൊണ്ടുപോകാത്തതിന് ഭാര്യയുടെ മര്‍ദനം, യുവാവിന്റെ മരണകാരണം തലക്കേറ്റ ക്ഷതം

പൂനെ-ദുബായില്‍ കൊണ്ടുപോകാത്തതിന് ഭാര്യ കൊലപ്പെടുത്തിയ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി നിഖില്‍ ഖന്നയുടെ (36) മരണത്തിനു കാരണമായത് തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് ഭാര്യയുമായുള്ള വഴക്കിനിടെ മൂക്കിന് അടിയേറ്റ നിഖില്‍ ഖന്ന മരിച്ചത്. സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍  നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തലക്കേറ്റ ക്ഷതവും മരണകാരണമെന്ന  പ്രാഥമിക കണ്ടെത്തലെന്ന് പോലീസ് പറഞ്ഞു.
വാന്‍വാഡിയിലെ ഗംഗാ സാറ്റലൈറ്റ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരനായ ഖന്നയും ഭാര്യ രേണുക ജാഖര്‍ ഖന്നയും (38) വീട്ടില്‍ വെച്ചുണ്ടായ വാക്കേറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കേസ് അന്വേഷിക്കുന്ന വാന്‍വാഡി പോലീസ് പറഞ്ഞു.
ഖന്നയുടെ മൂക്കിന് പൊട്ടലുണ്ടായെന്നും ബോധരഹിതനായി തറയില്‍ വീണതിനെ തുടര്‍ന്ന് അമിതമായി രക്തസ്രാവമുണ്ടായെന്നും പോലീസ് നേരത്തെ പറഞ്ഞിരുന്നു. തലയ്‌ക്കേറ്റ ആഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍. മുഖത്ത്  അടി കിട്ടിയ ശേഷം  തറയില്‍ വീണു തല നിലത്തടിച്ചിരിക്കാമെന്ന് വാന്‍വാഡി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പതാംഗെ പറഞ്ഞു.
മൂക്കില്‍ കൈകൊണ്ട് ഇടിയേറ്റതാണോ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണമാണോയെന്ന് പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിഖില്‍ ഖന്നയുടെ പിതാവ് ഡോ. പുഷ്പരാജ് ഖന്ന വാന്‍വാടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് രേണുകയെ അറസ്റ്റ് ചെയ്തത്.
സെപ്റ്റംബറില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ നിഖിലിനെ ദുബായിലേക്ക് കൊണ്ടുപോകാത്തതും ഈ മാസം ആദ്യം നടന്ന വിവാഹവാര്‍ഷികത്തില്‍ സമ്മാനം നല്‍കാത്തതും കാരണം രേണുക നിഖിലിനോട് ദേഷ്യപ്പെട്ടിരുന്നതായി ഡോ.ഖന്ന പരാതിയില്‍ പറയുന്നു.

ഐപിസി 302 വകുപ്പ് പ്രകാരമാണ് രേണുകക്കെതിരെ പോലീസ് കേസെടുത്തത്. ശനിയാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിയെ നവംബര്‍ 28 വരെ റിമാന്‍ഡ് ചെയ്തു.

2017 നവംബറിലാണ് നിഖില്‍ രേണുകയെ വിവാഹം കഴിച്ച ശേഷം മാതാപിതാക്കള്‍ക്കൊപ്പം ഗംഗാ സാറ്റലൈറ്റിലെ വസതിയില്‍ താമസം തുടങ്ങിയതെന്ന് ഡോ.ഖന്ന നല്‍കിയ പരാതിയില്‍ പറയുന്നു.  പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹത്തിന് തൊട്ടുപിന്നാലെ വഴക്കുകള്‍ ആരംഭിച്ചു. നിരന്തരം ഉപദേശിച്ചെങ്കിലും രേണുകയുടെ സ്വഭാവം മാറിയില്ല. വീട്ടുജോലിക്കാരുമായും യുവതി വഴക്കിടാറുണ്ടായിരുന്നു. ഇത് കാരണം വീട്ടുജോലിക്കാരെ നിലനിര്‍ത്താനും ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ പറഞ്ഞു.
നിഖിലും താനും വഴക്കുണ്ടായെന്നും ഉടന്‍ വീട്ടിലേക്ക് വേഗം രാണുക വെള്ളിയാഴ്ച ഫോണ്‍ വിളിക്കുകയായിരുന്നു. വേഗം വീട്ടിലെത്തി കാര്‍ പാര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും ഫോണില്‍ വിളിച്ചു.  വളരെ അടിയന്തിരമാണെന്നും പപ്പാ വേഗം വാ എന്നുമാണ് പറഞ്ഞത്.
മുറിയില്‍ കയറിയപ്പോള്‍ മകന്‍ നഗ്‌നനായി നിലത്ത് കിടക്കുന്നതും  മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നതുമാണ് കണ്ടതെന്ന്  പുഷ്പരാജ് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
നിഖിലിന്റെ വായില്‍ നിന്ന് രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുകയും സിപിആര്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികരണമൊന്നും കാണാത്തതിനെത്തുടര്‍ന്ന് സൊസൈറ്റി സെക്യൂരിറ്റി ഗാര്‍ഡുകളുടെ സഹായം തേടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചതെന്നും ഡോ. പുഷ്പരാജ് ഖന്ന പറഞ്ഞു.

 

Latest News